ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് കേരളത്തിലേക്ക്; ഫുട്ബോളിന്റെ മുഖച്ഛായ മാറും
|ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമായി, 1897 നവംബർ ഒന്നിന് സ്ഥാപിക്കപ്പെട്ട ഫുട്ബോൾ ക്ലബാണ് യുവന്റസ് എഫ്സി
ഇറ്റാലിയൻ ഫുട്ബോളിലെ അതികായരായ യുവന്റസ് എഫ്സി കേരളത്തിൽ അക്കാദമി ആരംഭിക്കുന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലാണ് അക്കാദമികൾ തുടങ്ങുന്നത്. 'യുവന്റസ് അക്കാദമി കേരള' എന്നാകും പേര്.
തിരുവനന്തപുരത്തെ എഫ്എഫ്സി അറീന, കോട്ടയം സിഎംഎസ് കോളജ്, കൊച്ചിയിലെ യുണൈറ്റഡ് സ്പോർട്സ് സെന്റർ എന്നിവ കേന്ദ്രീകരിച്ചാകും അക്കാദമിയുടെ പ്രവർത്തനങ്ങൾ.
രാജ്യത്തെ ഏതെങ്കിലും ഫുട്ബോൾ ക്ലബുമായി സഹകരിച്ചല്ല യുവന്റസ് ഇന്ത്യയിലെത്തുന്നത്. ആഗോള തലത്തിൽ അക്കാദമികള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറ്റാലിയന്‍ ക്ലബിന്റെ വരവ്. നിലവിൽ നൂറിലേറെ നഗരങ്ങളിൽ ക്ലബ് അക്കാദമി നടത്തുന്നുണ്ട്. ഏഷ്യയിൽ ചൈന, തായ്ലാൻഡ്, ജപ്പാൻ എന്നീ രാഷ്ട്രങ്ങളിൽ ക്ലബിന്റെ അക്കാദമി പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ വന്നാൽ കേരള ഫുട്ബോളിന്റെ മുഖച്ഛായ മാറ്റിമറിക്കുന്നതാകും ഈ അക്കാദമികൾ എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമായി, 1897 നവംബർ ഒന്നിന് സ്ഥാപിക്കപ്പെട്ട ഫുട്ബോൾ ക്ലബാണ് യുവന്റസ് എഫ്സി. ലോകത്തെ അതിസമ്പന്ന ക്ലബുകളിലൊന്നു കൂടിയാണ് യുവെ. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ ക്ലബ് എന്ന നിലയില്‍ കേരള ഫുട്ബോള്‍ ആരാധകര്‍ക്ക് പരിചിതമാണ് യുവന്റസ്.