ബൂട്ടിയയ്ക്ക് ലഭിച്ചത് ഒറ്റ വോട്ട്; കല്യാൺ ചൗബേ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്‍റ്
|എ.ഐ.എഫ്.എഫ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ഇതിഹാസ താരം ബൈചൂങ് ബൂട്ടിയെ തോൽപിച്ചാണ് ബംഗാളിൽനിന്നുള്ള ബി.ജെ.പി നേതാവ് കൂടിയായ ചൗബേ ഫെഡറേഷൻ തലവനാകുന്നത്.
എ.ഐ.എഫ്.എഫ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ഒന്നിനെതിരെ 33 വോട്ടിനാണ് ചൗബേയുടെ വിജയം. ജനറൽ സെക്രട്ടറി, ട്രഷർ സ്ഥാനങ്ങളിലേക്കടക്കം ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനൽ വിജയിച്ചു.
ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാനിന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ. സീനിയർ ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിട്ടില്ല. ബംഗാളിലെ കൃഷ്ണനഗറിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് ഇന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ ഉൾപ്പടെ 14 പേർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻതാരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ.എം വിജയനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Summary: Kalyan Chaubey beats Bhaichung Bhutia to become AIFF's first player president