ഡയമന്റകോസ് ആദ്യ ഇലവനിൽ; മുംബൈക്കെതിരെ പോരിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
|ബെംഗളൂരുവിനും ജംഷഡ്പൂരിനും എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്.
മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇന്ത്യൻ ഉത്തരവാദിത്വം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി താരം രാഹുൽ കെ.പിയും ടീമിൽ ഇടംപിടിച്ചു.
മുംബൈയിൽ രാത്രി എട്ടിന് നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇവരെ കൂടാതെ വിബിൻ മോഹനനും ഉണ്ട്. ബെംഗളൂരു എഫ്.സിക്കും ജംഷഡ്പൂരിനും എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്.
സച്ചിൻ സുരേഷ് ആണ് കൊമ്പന്മാരുടെ വല കാക്കുക. പ്രബീർ ദാസ്, പ്രീതം കോടാൽ, മിലോസ്, ഐബാൻ എന്നിവരാണ് ഡിഫൻസിൽ. ഡയ്‌സുകെ, ജീക്‌സൺ, ഡാനിഷ് വിബിൻ, ലൂണ, ദിമിത്രിയോസ് എന്നിവരാണ് മറ്റുള്ളവർ. അതേസമയം, പെപ്രയും ഐമനും ഇന്ന് ബെഞ്ചിലായി.
ആദ്യ കളിയിൽ ബംഗളൂരു എഫ്സിയെ കെട്ടുകെട്ടിച്ച മഞ്ഞപ്പട രണ്ടാംകളിയിൽ ജംഷഡ്പൂർ എഫ്സിയെ കീഴടക്കിയതോടെ ആറ് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കൂടാതെ പുതിയ റെക്കോർഡിലും മുത്തമിട്ടു. ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം എന്ന റെക്കോർഡാണ് മഞ്ഞപ്പട നേടിയത്.
ജംഷഡ്പൂരിനെതിരായ മത്സരത്തിൽ ജയം നേടിയെങ്കിലും ആരാധകർ പ്രതീക്ഷിച്ച മികവ് പക്ഷേ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ വളരെ മോശം പ്രകടനമാണ് കാണാനായത്. എന്നാൽ രണ്ടാം പകുതിയിൽ ടീം കുറച്ച് സബ്സ്റ്റിറ്റ്യൂഷനുകൾ വരുത്തിയതോടെയാണ് കളി മാറിയത്.
കൊച്ചിയിൽ നടന്ന കളിയിൽ നായകൻ അഡ്രിയാൻ ലൂണയുടെ മാന്തിക ഗോളിൽ 1-0 നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ കളിയിൽ ബംഗളൂരു എഫ്സിക്കെതിരെയും ലൂണ ഗോൾ നേടിയിരുന്നു. അതിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.