Football
Kerala Blasters,RoundGlass Punjab FC,ISL,super cup 2023
Football

ബ്ലാസ്റ്റിങ് ബ്ലാസ്റ്റേഴ്സ്; ഐ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്ത് കൊമ്പന്മാര്‍

Web Desk
|
8 April 2023 5:59 PM GMT

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്.

ഹീറോ സൂപ്പർ കപ്പിൽ തുടക്കം ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്. ദിമിത്രോസും നിശു കുമാറും രാഹുലും ആണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് അങ്ങനെ വിജയത്തോടെ ടൂര്‍ണമെന്‍റ് തുടങ്ങി.

മത്സരത്തിന്‍റെ 40-ാം മിനുട്ടിലാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍ വരുന്നത്. സൗരവിനെ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനായാസമായി ഗോളാകുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമിയാണ് കിക്കെടുത്തത്. നിസാരമായി പന്ത് ലക്ഷ്യത്തിലെത്തിച്ച ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിനായുള്ള പതിനൊന്നാം ഗോള്‍നേട്ടാണിത്.

ആദ്യ പകുതിയില്‍ത്തന്നെ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. 54-ാം മിനുട്ടിൽ നിശു കുമാറിന്‍റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി.

തുടര്‍ന്ന് മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച പഞ്ചാബ് 73-ാം മിനുട്ടിൽ ആശ്വാസ ഗോള്‍ കണ്ടെത്തി. കൃഷ്ണയിലൂടെ ആണ് പഞ്ചാബ് എഫ്.സി ഒരു ഗോൾ മടക്കിയത്. പിന്നീട് സമനിലയ്ക്കായി പഞ്ചാബ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് മികച്ച കളി തന്നെ പുറത്തെടുത്ത് ഓരോ നീക്കങ്ങളും തടഞ്ഞു. ഒടുവില്‍ അവസാന നിമിഷം രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് വിജയ ഗോളും നേടി. കേരളത്തിന്‍റെ അടുത്ത മത്സരം ഏപ്രില്‍ 12ന് ശ്രീനിധി ഡെക്കാനെതിരെയാണ്.

Similar Posts