ഗോവയുടെ നോഹിനെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്; ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്
|ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ രണ്ടുവർഷത്തെ കരാറില്‍ സ്വന്തമാക്കാനാണ് ബ്സാസ്റ്റേഴ്സ് ഒരുങ്ങുന്നത്
കൊച്ചി: ഇടയ്‌ക്കൊരു ജയവും അടിക്കടി തോൽവിയുമായി പതറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എഫ്.സി ഗോവയുടെ മൊറോക്കൻ താരമായ നോഹ് സദോയ്ക്ക് നേരെ ബ്ലാസ്റ്റേഴ്‌സ് വലയെറിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ രണ്ടുവർഷത്തെ കരാറിൽ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 2026 വരെയുള്ള രണ്ടു വർഷത്തെ കരാറിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിലെത്തിക്കുമെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2024ല്‍ ബ്സാസ്റ്റേഴ്സ് ജയിച്ച ഒരേയൊരു മത്സരം എഫ്.സി ഗോവയ്ക്കെതിരെയായിരുന്നു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന് ശേഷം നാല് ഗോളുകള്‍ ഗോവന്‍ വലയില്‍ എത്തിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് മിടുക്ക് കാട്ടിയിരുന്നത്. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു നോഹ് സദോയ്. എഫ്സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം എതിർടീം ഡിഫൻസിനെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന കളിക്കാരന്‍ കൂടിയാണ്.
അതേസമയം 2023 കലണ്ടർ വർഷത്തിൽ, ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 2024ല്‍ കളിച്ച അഞ്ച് മത്സരങ്ങളിൽ, നാലിലും തോറ്റു എന്നത് ആരാധകര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാനാകുന്നില്ല.
നിലവിൽ 36 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ഒഡീഷ എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റാണ് ഒഡീഷ എഫ്.സിക്കുള്ളത്. 33 പോയിന്റുമായി മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്. 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 32 പോയിന്റുമായി എഫ്.സി ഗോവ നാലാം സ്ഥാനത്ത് നിൽക്കുന്നു.
Kerala Blasters FC are in talks with winger Noah Sadaoui for a multi-year deal, we can exclusively confirm. 🟡🇲🇦
— 90ndstoppage (@90ndstoppage) March 9, 2024
Moroccan attacker is expected to leave FC Goa in the summer. 👋 pic.twitter.com/AqFvpARGsJ