Football
വമ്പൻ ട്രാൻസ്ഫർ? റോയ് കൃഷ്ണയിൽ താത്പര്യം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Football

വമ്പൻ ട്രാൻസ്ഫർ? റോയ് കൃഷ്ണയിൽ താത്പര്യം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Web Desk
|
9 Jun 2022 12:17 PM GMT

2.91 കോടി രൂപയാണ് സെന്റർ ഫോർവേഡായ കൃഷ്ണയുടെ വിപണിമൂല്യം.

കൊച്ചി: ഐഎസ്എല്ലിലെ സൂപ്പർ സ്‌ട്രൈക്കർ റോയ് കൃഷ്ണയെ നോട്ടമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്ലബ് വിട്ട അൽവാരോ വാസ്‌ക്വിസിന് പകരമായാണ് ഫിജിയൻ സ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്ന് കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാൻ താരമായിരുന്നു കൃഷ്ണ.

ബ്ലാസ്‌റ്റേഴ്‌സിന് പുറമേ, ബംഗളൂരു എഫ്‌സിയും ഈസ്റ്റ് ബംഗാളും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ആസ്‌ത്രേലിയൻ എ ലീഗ് ടീമുകൾക്കും കൃഷ്ണയിൽ കണ്ണുണ്ട്. 2.91 കോടി രൂപയാണ് സെന്റർ ഫോർവേഡായ കൃഷ്ണയുടെ വിപണിമൂല്യം.


2019-20ൽ എടികെയ്ക്കും ശേഷമുള്ള സീസണിൽ എടികെ മോഹൻബഗാനുമായി 67 മത്സരങ്ങളിൽ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. സ്‌കോർ ചെയ്തത് 38 ഗോളുകൾ. കഴിഞ്ഞ സീസണിൽ 23 കളികളിൽനിന്ന് ഒമ്പതു ഗോൾ നേടി. ന്യൂസിലാൻഡിലെ വെല്ലിങ്ടൺ ഫീനിക്‌സിൽ നിന്നാണ് 34കാരൻ ഇന്ത്യയിലെത്തിയത്.

ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗൽഹോയുടെ ട്വീറ്റും റോയ് കൃഷ്ണയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. അൽവാരോ വാസ്‌ക്വിസിന് പകരക്കാരനെ ഐഎസ്എല്ലിൽനിന്നു തന്നെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്താൻ ശ്രമിക്കുന്നു എന്നായിരുന്നു മാർക്കസിന്റെ ട്വീറ്റ്. ഇതുവരെ ഒരു കളിക്കാരനു മുമ്പിലും ഉറച്ച വാഗ്ദാനങ്ങളൊന്നും വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



മൂർച്ചയേറിയ വിദേശ മുന്നേറ്റനിരയായിരുന്നു കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. ഇതിൽ വാസ്‌ക്വസ് ടീം വിട്ടു. അർജന്റൈൻ താരം പെരേര ഡയസ് ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യത കുറവാണ്. അർജന്റൈൻ ക്ലബായ പ്ലാറ്റെന്‍സെയില്‍നിന്ന് ഒരു വർഷത്തെ ലോണിലാണ് ഡയസ് കേരളത്തിലെത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ശക്തനായ താരത്തെ തന്നെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിദേശതാരങ്ങളിൽ മാർകോ ലെസ്‌കോവിച്ചും അഡ്രിയൻ ലൂണയും മാത്രമാണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിലുള്ളത്. ഡിപൻഡർ സിപോവിച്ച്, സ്‌ട്രൈക്കർ ചെഞ്ചോ ഗിൽഷൻ എന്നിവർ ടീം വിട്ടു. യുവ താരം വിൻസി ബരറ്റോ, ഗോൾ കീപ്പർ ആൽബിനോ ഗോമസ്, മധ്യനിര താരം സെയ്ത്യാസെൻ എന്നിവരും പുതിയ ടീമിലേക്ക് ചേക്കേറി.

Similar Posts