Football
കോവിഡ് ഭീതി; ബ്ലാസ്റ്റേഴ്‌സ്-മുംബൈ എഫ്‌സി മത്സരം മാറ്റിവച്ചു
Football

കോവിഡ് ഭീതി; ബ്ലാസ്റ്റേഴ്‌സ്-മുംബൈ എഫ്‌സി മത്സരം മാറ്റിവച്ചു

Web Desk
|
16 Jan 2022 11:07 AM GMT

കോവിഡ് കാരണം ഇന്നലത്തെ മോഹൻ ബഗാൻ-ബംഗളൂരു എഫ്സി മത്സരവും മാറ്റിവച്ചിരുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐഎസ്എല്ലിൽ ഇന്നു നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്എസി മത്സരം മാറ്റിവച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിൽ മത്സരം തുടരാൻ ആവശ്യമായ താരങ്ങളില്ലാത്തതിനാലാണ് മത്സരം മാറ്റിവച്ചതെന്ന് ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

ഐഎസ്എൽ മെഡിക്കൽ സംഘവുമായി ചർച്ച നടത്തിയാണ് കളി മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് ട്വീറ്റിൽ സൂചിപ്പിച്ചു. എല്ലാ താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കളിയുമായി ബന്ധപ്പെടുന്ന മറ്റുള്ളവരുടെയുമെല്ലാം സുരക്ഷ ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യാനായി തുടർന്നും മെഡിക്കൽ വിദഗ്ധരുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്നും ഐഎസ്എൽ വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് കാരണം ശനിയാഴ്ച നടക്കേണ്ട മോഹൻ ബഗാൻ-ബംഗളൂരു എഫ്സി മത്സരം മാറ്റിവച്ചിരുന്നു. ബഗാന്റെ രണ്ടാം മത്സരമാണ് ഇതേ കാരണത്താൽ മാറ്റിവയ്ക്കുന്നത്. നിരവധി കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഒഡിഷയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് വൈറസ് ബാധയുള്ളത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു.

പരിശീലനമില്ലാതെ കളത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് കേരള കോച്ച് ഇവാൻ വുകോമനോവിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. താരങ്ങൾക്ക് പരിക്കു പറ്റുമെന്ന് ഭയക്കുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ പതിനൊന്ന് ടീമുകളിൽ ഏഴിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്എല്ലിന്റെ ഭാവി ആശങ്കയിലാണ്. ടീമിൽ പതിനഞ്ച് താരങ്ങൾ ലഭ്യമാണെങ്കിൽ മത്സരം നടത്തണമെന്നാണ് ഐഎസ്എൽ നിയമം. കൊവിഡ് കാരണം ഒരു ടീമിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ എതിർ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതായി പ്രഖ്യാപിക്കും.

ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ തകര്‍ത്തിരുന്നത്. കഴിഞ്ഞ പത്തുകളിയില്‍ കൊമ്പന്മാര്‍ തോറ്റിട്ടില്ല. ലീഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്. ജയം തുടര്‍ന്നാല്‍ തലപ്പത്തു തന്നെ തുടരാന്‍ ടീമിനാകും. മുംബൈയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷമാണ് ടീം അടിമുടി മാറിയത്. പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വിസ്, സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂന എന്നിവരടങ്ങുന്ന മുന്നേറ്റ നിര തകര്‍പ്പന്‍ ഫോമിലാണ്. തൊട്ടുപിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ജീക്സണ്‍ സിങ്ങും പ്യൂട്ടിയയും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന് പിന്നില്‍ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധക്കോട്ട. കീപ്പര്‍ ഗില്‍ മിന്നും ഫോമിലാണ്. പരിക്കേറ്റ ക്യാപറ്റന്‍ ജസ്സല്‍ കാര്‍ണൈറോക്ക് പകരമെത്തിയ നിഷു കുമാറും മറ്റൊരു പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയുമാണ് ഒഡിഷയ്ക്കെതിരെയുള്ള കളിയില്‍ ഗോള്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ലെസ്‌കോവിച്ച് മടങ്ങിയെത്തും. എനസ് സിപ്പോവിച്ച് പകരക്കാരനാകും.

Similar Posts