Football
ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം; തോറ്റാല്‍ സെമി കാണാതെ പുറത്ത്
Football

ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം; തോറ്റാല്‍ സെമി കാണാതെ പുറത്ത്

Sports Desk
|
2 March 2022 2:25 AM GMT

വിലക്ക് നേരിടുന്ന ഹർമൻ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ കളിക്കാനാവാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും

ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാൽ ഐ.എസ്.എല്‍ എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്താവും. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയിച്ചേ മതിയാവൂ.

18 മത്സരങ്ങൾ വീതം കളിച്ച മുബൈയും ബ്ലാസ്റ്റേഴ്‌സും പോയിന്റ് പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ഇരു ടീമുകളും തമ്മിൽ വെറും ഒരു പോയിന്‍റിന്‍റെ വ്യത്യാസം മാത്രം. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ 33 പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സിന് നാലാം സ്ഥാനത്തേക്ക് കയറാം.

കഴിഞ്ഞ മത്സരത്തിൽ ചെന്നെയിന്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളിക്കാനിറങ്ങുക. മുംബൈയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ഗോവയെ തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.

പെരേറ ഡയസ്, അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വെസ് കൂട്ട് കെട്ട് മികച്ച ഫോമിൽ കളിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് കരുത്താവും. അതേ സമയം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കുന്തമുന ഹർമൻ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ കളിക്കാനാവാത്തത് തിരിച്ചടിയാവും. ഹൈദരാബാദ് എഫ് സിക്കെതിരെ കേരളം 2-1 ന് പരാജയപ്പെട്ട മത്സരത്തിൽ എതിർ താരത്തെ മുട്ടുകൈ കൊണ്ടിടിച്ചതിന് കഴിഞ്ഞ ദിവസം ഖബ്രക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക്‌ വിധിച്ചിരുന്നു.

സീസണില്‍ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തിരുന്നു. ഐ.എസ്.എല്ലില്‍ 2016ലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി പ്ലേ ഓഫ് കളിച്ചത്.


Similar Posts