Football
ഐ.എസ്.എല്‍ ഫൈനലിൽ വീണ്ടും കാലിടറി കേരള ബ്ലാസ്റ്റേഴ്സ്: ഫൈനലിൽ തോൽക്കുന്നത് മൂന്നാം തവണ
Football

ഐ.എസ്.എല്‍ ഫൈനലിൽ വീണ്ടും കാലിടറി കേരള ബ്ലാസ്റ്റേഴ്സ്: ഫൈനലിൽ തോൽക്കുന്നത് മൂന്നാം തവണ

Web Desk
|
21 March 2022 12:59 AM GMT

ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചരിത്രം ആവർത്തിച്ചു. മൂന്നാംതവണയും ഫൈനലിൽ തോറ്റു. രണ്ട് തവണ പിഴച്ചത് ഷൂട്ടൗട്ടിൽ.

ഷൂട്ടൗട്ടിന്റെ അതിസമ്മർദം താങ്ങാനാവാതെയാണ് മൂന്നാം തവണയും ബ്ലാസ്റ്റേഴ്സ് കിരീടം കൈവിട്ടത്. 88ാം മിനിട്ടുവരെ മുന്നിട്ട് നിന്ന ശേഷമുള്ള തോൽവി ആരാധകർക്ക് ഹൃദയഭേദകമായി. പക്ഷേ ഫൈനൽ വരെയുള്ള യാത്രയും ടീമിന്റെ മികവും പ്രതീക്ഷ ബാക്കിയാക്കുന്നു.

ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചരിത്രം ആവർത്തിച്ചു. മൂന്നാംതവണയും ഫൈനലിൽ തോറ്റു. രണ്ട് തവണ പിഴച്ചത് ഷൂട്ടൗട്ടിൽ. ഗ്യാലറിയിൽ ആർത്തിരമ്പിയ ആയിരങ്ങളുടെ പിന്തുണയും മഞ്ഞപ്പടയ്ക്ക് മുതലെടുക്കാനായില്ല. ഒപ്പം നിർഭാഗ്യത്തേയും പഴിക്കാം. രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ശ്രമങ്ങൾക്ക് മുന്നിൽ ക്രോസ് ബാർ വില്ലനായത്.

മത്സരത്തിൽ കൊമ്പൻമാർക്ക് മുൻതൂക്കമുണ്ടായിരുന്നു. അറുപത്തിയെട്ടാം മിനുട്ടിലെ കെ.പി. രാഹുലിന്റെ ഗോൾ പ്രതീക്ഷകൾ വാനോളമുയർത്തി. കളിതീരാൻ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ വലയിൽ പാഞ്ഞുകയറിയ ടവോറയുടെ ഗോൾ ഇടിത്തീയായി. നിശ്ചിത സമയവും അധികസമയവും കഴിഞ്ഞ് കളി ഷൂട്ടൗട്ടിലേക്ക്.. അവിടെ അടിമുടി പിഴച്ചു ബ്ലാസ്റ്റേഴ്സിന്. നാല് ശ്രമങ്ങളിൽ ലക്ഷ്യം കണ്ടത് ഒരെണ്ണം മാത്രം. കിരീടം ഹൈദരാബാദിന്.

ഒരു ഗോൾ ലീഡിൽ കളിപിടിച്ചെടുക്കാം എന്നായിരുന്നു പ്രതീക്ഷ. പ്രതിരോധിക്കാൻ പരമാവധി ശ്രമിച്ചു. അവസാന നിമിഷങ്ങളിലേക്ക് വന്നപ്പോൾ തളർച്ച പ്രകടമായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ. ഷൂട്ടൗട്ടിലേക്ക് പോകുമെന്ന നിലയിൽ ഡയസിനേയും വാസ്കസിനേയും പിൻവലിച്ച കോച്ചിന്റെ നീക്കം ഫലം കണ്ടില്ല. വിദേശികളായ അനുഭവസമ്പത്തുള്ള സ്ട്രൈക്കർമാരുടെ സാന്നിധ്യം നഷ്ടമായി. പകരം നിഷുവിനും ജീക്സണുമെല്ലാം കിക്കെടുക്കേണ്ടതായി വന്നു. എതിർ ഗോൾകീപ്പറര്‍ കട്ടിമണിയുടെ മികവും വിലങ്ങുതടിയായി. എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയികളാണ്. കഴിഞ്ഞ സീസണോടെ പൂർണമായും കൈവിട്ട ആരാധകരെ അവർ തിരിച്ചുപിടിച്ചുകഴിഞ്ഞു.

Similar Posts