തന്ത്രമൊരുക്കാൻ മിക്കേൽ സ്റ്റാറേ; ബ്ലാസ്റ്റേഴ്‌സിന് സ്വീഡിഷ് പരിശീലകൻ
|സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ എ.ഐ.കെയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു
കൊച്ചി: ഇവാൻ വുകമനോവിചിന്റെ പകരക്കാരനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ച് ബ്ലാസ്റ്റേഴ്‌സ്. പതിനേഴു വർഷത്തോളം പരിശീലന രംഗത്തുള്ള സ്റ്റാറേ പ്രമുഖ ഫുട്ബാൾ ലീഗുകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുവർഷത്തേക്കാണ് 48 കാരൻ കേരള ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ എ.ഐ.കെയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു. എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗായ ഓൾസ്വെൻസ്‌കാനൊപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും കരിയറിലെ പ്രധാന നേട്ടങ്ങളാണ്.
സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്ക്വേക്ക്സ്, സാർപ്സ്ബോർഗ് 08, സർപ്സ്ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് പരിശീലിപ്പിച്ചത്.