'പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്'; ബ്ലാസ്റ്റേഴ്സിന്റെ ഓണം വീഡിയോ
|മലയാളി താരങ്ങളായ പ്രശാന്ത്, അബ്ദുൽ ഹക്കു തുടങ്ങിയവരുടെ പ്രകടനമാണ് വീഡിയോയിലുള്ളത്
കൊച്ചി: ക്ലബുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബിനെ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിൽ പിന്തുടരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ക്ലബ് പങ്കുവച്ച ഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.
'എവിടെപ്പോയാലും ഞാൻ മിണ്ടും മലയാളത്തിൽ, പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്...' എന്നിങ്ങനെയാണ് പാട്ട് ആരംഭിക്കുന്ന. മലയാളി താരങ്ങളായ പ്രശാന്ത്, അബ്ദുൽ ഹക്കു തുടങ്ങിയവരുടെ പ്രകടനമാണ് വീഡിയോയിലുള്ളത്.
അതിനിടെ, ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ചില താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റു ക്ലബുകളിലേക്ക് ചേക്കേറി. മഹേഷ് നവോറം, ശുഭ ഘോഷ് എന്നിവരാണ് വായ്പാ അടിസ്ഥാനത്തിൽ എസ്.സി ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയത്.
പുതിയ സീസണ് മുമ്പോടിയായി മികച്ച സൈനിങ്ങുകളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൽവാരോ വാസ്ക്വിസുമായുള്ള കരാറാണ്. സ്പാനിഷ് ലീഗിൽ വിവിധ ക്ലബുകൾക്കായി 150ലധികം മത്സരങ്ങളിലും പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിലും മുപ്പതുകാരൻ ബൂട്ടുകെട്ടിയിട്ടുണ്ട്. 2022 മെയ് 31 വരെയാണ് കരാർ.
അർജന്റീനൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസ്, ഓസീസ് താരം അഡ്രിയാൻ ലൂന, ബോസ്നിയൻ ഡിഫൻഡർ എനസ് സിപോവിച്ച്, ഭൂട്ടാൻ ദേശീയ ടീം നായകൻ ചെൻചോ ഗിൽഷാൻ എന്നീ വിദേശ താരങ്ങളെയാണ് ക്ലബ് സ്വന്തം നിരയിലെത്തിച്ചിട്ടുള്ളത്.