'ലോണ്‍ വല്ലോം കിട്ടിയോ...?' കടമെല്ലാം തീര്‍ത്ത് കലിപ്പടക്കുന്ന ബ്ലാസ്റ്റേഴ്സിനോട് ആരാധകര്‍
|നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടപ്പോള്‍ വണ്‍ടൈം വണ്ടറാണെന്ന് കരുതിയവര്‍ക്ക് അതിന്‍റെ പുകയടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടു വെടിക്കെട്ട്.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ അവിശ്വസനീയമായ കുതിപ്പ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അടുത്ത കാലത്തൊന്നും കാണാത്ത അത്രയും ഒത്തിണക്കത്തില്‍ ആക്രമണോത്സുക ഫുട്ബോള്‍ കളിച്ച് എതിര്‍ ടീമിന്‍റെ വല നിറയ്ക്കുന്ന കാഴ്ച...
രണ്ട് തവണ ഫൈനലില്‍ വന്ന് വീണുപോയതില്‍പ്പിന്നെ 'കലിപ്പടക്കണം കപ്പടിക്കണം' എന്ന മുദ്രാവാക്യം വിളിയല്ലാതെ കളിക്കളത്തില്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. പലപ്പോഴും പ്രതിരോധത്തിലൂന്നി കളിച്ച് തോല്‍വിയും സമനിലയും വഴങ്ങി സെമി പോലും കാണാതെ പുറത്താകുന്ന ടീമില്‍ നിന്നും ഇത്തരത്തിലൊരു തിരിച്ചുവരവ് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടപ്പോള്‍ വണ്‍ടൈം വണ്ടറാണെന്ന് കരുതിയവര്‍ക്ക് അതിന്‍റെ പുകയടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടു വെടിക്കെട്ട്. എതിരില്ലാത്ത മൂന്ന് ഗോളിന് ചിരവൈരികളായ ചെന്നൈയെയും വീഴ്ത്തി കൊമ്പന്മാര്‍ ചോദിച്ചു 'ഇന്ത ആട്ടം പോതുമാ...?'.
2016 ന് ശേഷം സെമി കണ്ടിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സില്‍ നിന്ന് വീണ്ടും ആരാധകര്‍ പ്രതീക്ഷിക്കുകയാണ്, കോപ്പല്‍ ആശാനെയും ഇയാന്‍ഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാള്‍ ആവേശത്തില്‍ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനല്‍ വരെയെത്തിയതുമെല്ലാം... അതെല്ലാം ഇന്ന് പഴങ്കഥയാണെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദം സ്വന്തമായുള്ള ടീമിനെ പതിയെ ആരാധകര്‍ തന്നെ കൈയ്യൊഴിഞ്ഞ് തുടങ്ങിയിരുന്നു. കലിപ്പടക്കണം കപ്പടക്കണം എന്ന ടാഗ് ലൈന്‍ പിന്നീട് ട്രോളാന്‍ വേണ്ടി വരെ ഉപയോഗിച്ചുതുടങ്ങി. എന്നാല്‍ ഇപ്പോള്‍ വീണ്ടും കളി മാറി... കൊമ്പന്മാര്‍ വീണ്ടും നെറ്റിപ്പട്ടവും അണിഞ്ഞുകൊണ്ടുള്ള വരവാണ്.
പരിശീലനത്തിൽ താരങ്ങൾ നടത്തിയ കഠിനാധ്വാനവും സ്വയം മെച്ചപ്പെടാനുള്ള അവരുടെ മാനസികാവസ്ഥയുമാണ് ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ മത്സരഫലങ്ങളിൽ വഴിത്തിരിവുണ്ടാക്കിയതെന്ന് ടീമിൻ്റെ മുഖ്യ പരിശീലകനായ ഇവാൻ വുക്കോമനോവിച്ച് പറയുന്നു.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്.സിയുമായി ഒരേ പോയിന്‍റ് പങ്കിടുന്ന ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
2021-22 സീസണില്‍ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെതിരായ ആദ്യ മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. തുടർന്നുള്ള 6 മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയവും മൂന്ന് സമനിലകളുമുൾപ്പെടെ 12 പോയിന്‍റാണ് ടീം സ്വന്തമാക്കിയത്. ടീമിൻ്റെ പ്രകടനം ഇക്കുറി പ്രതീക്ഷക്കൊത്തുയര്‍ന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്. 'കലിപ്പടക്കണം കപ്പടിക്കണം...' ഈ ഫോം തുടര്‍ന്നാല്‍ ഉറപ്പായും സീസണിലെ കറുത്ത കുതിരകള്‍ ബ്ലാസറ്റേഴ്സ് തന്നെയായിരിക്കും, ഉറപ്പ്.