ഫുട്ബോള്‍ ഫെഡറേഷന്‍റെ നാലു കോടിയുടെ 'പണി'; വനിതാ ടീമിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി ബ്ലാസ്റ്റേഴ്സ്
|നാല് കോടി രൂപയുടെ പിഴയില്‍ ഇളവ് ചെയ്യണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തള്ളിയിരുന്നു
കൊച്ചി: വനിതാ ടീമിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ നാല് കോടി രൂപ പിഴയാണ് വനിതാ ടീമിന്‍റെ പ്രവർത്തനം നിർത്താൻ കാരണമായി പറയുന്നത്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിയുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിനായിരുന്നു ബ്ലാസ്റ്റേഴ്സിന് ഫെഡറേഷൻ പിഴ ചുമത്തിയത്.
പിഴയിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം ഫെഡറേഷൻ തള്ളുകയായിരുന്നു. ഇതിനുപിന്നാലെയാണ് വനിതാ ടീമിന്‍റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ഐ.എസ്‍.എല്‍ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരെ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗളൂരു താരം സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യംചെയ്ത് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. കോച്ച് ഇവാന്‍ വുകുമനോവിച്ചിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
സംഭവത്തിനു പിന്നാലെ ടീമിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിനുപുറമെ വുകുമനോവിച്ചിന് 10 കളികളിൽനിന്ന് വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമിട്ടു. തുടര്‍ന്ന് പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ് അധികൃതർ ഫെഡറേഷനെ സമീപിച്ചു. എന്നാൽ, പിഴയിൽ ഇളവ് വരുത്താൻ ഫുട്ബോൾ ഫെഡറേഷൻ കൂട്ടാക്കിയില്ല.
ഇതോടെയാണ് വനിതാ ടീമിനെ നിര്‍ത്തലാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് ബ്ലാസ്റ്റേഴ്സ് നീങ്ങുന്നത്. പിഴത്തുക അടച്ചാല്‍ ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനാൽ വനിതാ ടീമിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നുവെന്ന് ക്ലബ് അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് വനിതാ ടീം കേരള വുമൺസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മറ്റൊരു വഴിയില്ലെന്ന നിലപാടിലെത്തിയിരിക്കുകയാണ് മാനേജ്മെന്‍റ്. അടുത്ത സീസണിനായി പുരുഷ ടീമിൽ പുതിയ താരങ്ങളെ എത്തിക്കുന്നതും വിദേശങ്ങളിലടക്കം പരിശീലന മത്സരങ്ങൾ നടക്കുന്നതിനാലും വനിതാ ടീമിനെകൂടി കൂട്ടി മുന്നോട്ടുപോകാനാകില്ലെന്നാണ് ക്ലബ് അധികൃതർ വ്യക്തമാക്കിയത്.
Summary: Kerala Blasters suspends women's team temporally following fine imposed by All India Football Federation