Football
തലയെടുപ്പോടെ കൊമ്പന്മാർ തലപ്പത്ത്: വൻ കയ്യടി, ത്രില്ലടിച്ച് ആരാധകര്‍
Football

തലയെടുപ്പോടെ കൊമ്പന്മാർ തലപ്പത്ത്: വൻ കയ്യടി, ത്രില്ലടിച്ച് ആരാധകര്‍

Web Desk
|
9 Jan 2022 4:34 PM GMT

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.

നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നു, ഐഎസ്എൽ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക്. അതും തലയെടുപ്പോടെ. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.

2014ലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസനാമായി ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് എടികെയോട് തോറ്റതിന് ശേഷം ഒരു മത്സരവും തോറ്റില്ല എന്നത് എടുത്തുപറയേണ്ടതാണ്. കണക്കുകൾ നോക്കുകയാണെങ്കിൽ തോൽവിയറിയാതെ ഒമ്പത് മത്സരങ്ങൾ! ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ജയം. അതേസമയം ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഈ സീസണ്‍ ഏറെക്കുറെ സുരക്ഷിതമാക്കിയെന്ന് വേണമെങ്കിൽ പറയാം.

കഴിഞ്ഞ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വ്യക്തമായ പ്ലാനിങ്ങോടെയാണ് നികത്തുന്നതെന്ന് വ്യക്തമാകുകയാണ് ഓരോ മത്സരവും. പരിശീലകൻ ഇവാൻ വുകമാനോവിചും വിദേശ താരങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം. സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെയുള്ള പ്രാദേശിക താരങ്ങള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുകയും ചെയ്യുന്നു. വാസ്കസും ലൂണയും ഡിയസുമടങ്ങുന്ന സഖ്യം ഇന്ന് ഏത് ടീമും ആഗ്രഹിക്കുന്നതാണ്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. ഖാബ്രയുടെ ലോങ് ത്രോയില്‍ നിന്നായിരുന്നു ആ ഗോള്‍ പിറന്നത്. ബോക്‌സിലേക്കെത്തിയ പന്ത് സഹല്‍ അബ്ദുള്‍ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു. ഈ പന്ത് ലഭിച്ച ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിച്ചത് അല്‍വാരോ വാസ്‌ക്വസിന് പിന്നിലേക്കായിരുന്നു. തന്നെ മാര്‍ക്ക് ചെയ്ത താരത്തെ കബളിപ്പിച്ച വാസ്‌ക്വസിന്റെ ഇടംകാലന്‍ വോളി ബുള്ളറ്റ് കണക്കെ വലയില്‍. ഗോള്‍ കീപ്പര്‍ കൈവെച്ചങ്കിലും ' നോ രക്ഷ '. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍.

പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷഡ്പൂര്‍ എഫ്.സി നാലാം സ്ഥാനത്തും.

Similar Posts