Football
യൂറോപ്പിൽ പരിശീലനത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്‌: അണിയറയിലൊരുങ്ങുന്നത് വിശാല പദ്ധതികൾ
Football

യൂറോപ്പിൽ പരിശീലനത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്‌: അണിയറയിലൊരുങ്ങുന്നത് വിശാല പദ്ധതികൾ

Web Desk
|
30 March 2022 8:34 AM GMT

എട്ടാം സീസണിൽ കൈവിട്ട കിരീടം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് വുകോമിനോവിച്ചും സംഘവും. അതിന് അണിയറയിലൊരുങ്ങുന്നത് വിശാല പദ്ധതികൾ.

ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് ഒരുങ്ങിത്തന്നെ. എട്ടാം സീസണിൽ കൈവിട്ട കിരീടം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് വുകോമിനോവിച്ചും സംഘവും. അതിന് അണിയറയിലൊരുങ്ങുന്നത് വിശാല പദ്ധതികൾ.

ഒൻപതാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായി ഈ വർഷം ജൂലൈയിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പ് ആരംഭിക്കുമെന്ന് ടീമിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻ കിസ് പറഞ്ഞു. ജൂലൈ പകുതിയോടെ കൊച്ചിയിലാകും ക്യാമ്പ് തുടങ്ങുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം റിസർവ് ടീമിലെ‌ താരങ്ങളുടെ പ്രകടനം പ്രീസീസണിനിടെ വിലയിരുത്തപ്പെടുമെന്നും, പ്രീസീസണിൽ നടത്തുന്ന പ്രകടനങ്ങളെ അടിസ്ഥാനമാക്കി ആരെയൊക്കെ ‌സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഘട്ട പ്രീസീസണിനായി ലക്ഷ്യമിടുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്. എന്നാല്‍ ഏത് രാജ്യത്തായിരിക്കും പരിശീലനം എന്ന് കരോളിസ് സ്കിൻ കിസ് വ്യക്തമാക്കുന്നില്ല. ഞങ്ങൾക്ക് ശാരീരികക്ഷമത നന്നായി ഉപയോഗപ്പെടുത്തണം. അതിന് യൂറോപ്യൻ രാജ്യങ്ങളിലെ പരിശീലനം ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. തുടക്കത്തിലൊന്ന് പതറിയെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പിന്നീട് പുറത്തെടുത്തത്. പെനല്‍റ്റി ഭാഗ്യം ഹൈദരാബാദിനെ തുണച്ചപ്പോള്‍ കിരീടം നഷ്ടമായെന്ന് മാത്രം.

മികച്ച പ്രകടനങ്ങളോടെ സീസണിലെ സ്ഥിരത നിലനിർത്തുന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സ്കിൻകിസ് വ്യക്തമാക്കുന്നു. യുവ കളിക്കാരെ വളർത്തുന്നതിൽ ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, ഐ-ലീഗിലെ പ്രകടനവും വീക്ഷിക്കും. ഇന്ത്യൻ ഫുട്‌ബോളിനും കേരള ബ്ലാസ്റ്റേഴ്‌സിനും ഉതകുന്ന മികച്ച പ്രതിഭകളെ വളര്‍ത്തിയെടുക്കുമെന്നും സ്കിൻ കിസ് പറഞ്ഞു.

Similar Posts