അടിമുടി മാറ്റത്തിന് ബ്ലാസ്റ്റേഴ്‌സ്; മിക്കേൽ സ്റ്റാറേക്ക് വേണം പുതിയ താരങ്ങളെ
|ദിവസങ്ങൾക്കുള്ളിൽ ആറു താരങ്ങളാണ് ക്ലബ് വിട്ടത്
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഒരാഴ്ചക്കിടെ ആറു താരങ്ങളുടെ കരാറാണ് ക്ലബ് അവസാനിപ്പിച്ചത്. സ്‌ട്രൈക്കർ ഫെഡോർ സെർണിചാണ് അവസാനമായി ക്ലബ് വിട്ടത്. അഡ്രിയാൻ ലൂണോക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് കഴിഞ്ഞ സീസണിനിടെ ലിത്വാനിയ താരം മഞ്ഞപ്പടക്കൊപ്പം ചേർന്നത്. എന്നാൽ താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ് തയാറായില്ല. നേരത്തെ സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റക്കോസ്, ലാറ ശർമ്മ, കരൺജിത്ത് സിങ്, മാർക്കോ ലെസ്‌കോവിച്ച്, ദയ്‌സുകെ സകായ് എന്നിവരും ക്ലബ് വിട്ടിരുന്നു.
കഴിഞ്ഞ സീസണിൽ പത്തു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരം മൂന്ന് ഗോളുകളും നേടി. ഇവാൻ വുകമനോവിചിന്റെ പകരക്കാരനായി സ്വീഡിഷ് പരിശീലകൻ മിച്ചെൽ സ്റ്റാറെ സ്ഥാനമേറ്റതോടെ സമൂലമാറ്റമാണ് ടീം ലക്ഷ്യമിടുന്നത്. സഹ പരിശീലകൻ ഫ്രാങ്ക് ഡൗവെനും ക്ലബ് വിട്ടിരുന്നു. ലിത്വാനിയയുടെ ക്യാപ്റ്റനായിരുന്ന ഫെഡോർ 80 ലധികം മത്സരങ്ങളിൽ ദേശീയ ടീമിനായി കളത്തിലിറങ്ങിയിരുന്നു. 12 ഗോളുകൾ താരം ലിത്വാനിയ ജഴ്‌സിയിൽ സ്വന്തമാക്കി.
റഷ്യയിലെ പ്രശസ്ത ക്ലബ്ബായ ഡൈനാമോ മോസ്‌കോക്കുവേണ്ടി 30ലധികം മത്സരങ്ങളും ഫെഡോർ കളിച്ചിട്ടുണ്ട്. അതേസമയം, ബ്ലാസ്റ്റേഴ്‌സിൽ നിന്ന് താരങ്ങളെ ഒഴിവാക്കുന്നതിനെതിരെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ്. ടീം അഴിച്ചുപണിയുന്നത് മാറ്റംകൊണ്ടുവരുമെന്നും അല്ലെന്നുമുള്ള വാദമാണ് ആരാധകർ ഉയർത്തുന്നത്.