Football
സൂപ്പർ കപ്പിൽ  ബ്ലാസ്‌റ്റേഴ്‌സിന് തോൽവി; ജംഷഡ്പൂരിനോട് പൊരുതി വീണു
Football

സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി; ജംഷഡ്പൂരിനോട് പൊരുതി വീണു

Web Desk
|
15 Jan 2024 4:35 PM GMT

നൈജീരിയൻ താരം ഡാനിയേൽ ചിമ ചുകു ജംഷഡ്പൂരിനായി ഇരട്ടഗോൾ നേടി.

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്‌ബോളിൽ പൊരുതി വീണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂർ എഫ്.സിയോടാണ് കീഴടങ്ങിയത്. നൈജീരിയൻ താരം ഡാനിയേൽ ചിമ ചുകു(33,57) ജംഷഡ്പൂരിനായി ഇരട്ടഗോൾ നേടി. പെനാൽറ്റിയിലൂടെ ജെർമി മൻസോറോ(69)വലകുലുക്കി. ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റാകോസ് (29,62) പെനാൽറ്റിയിലൂടെ ഇരട്ടഗോൾ നേടി. തോൽവിയോടെ ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ നില പരുങ്ങലിലായി.

ഷില്ലോങ് ലജോങിനെതിരായ വിജയവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെതിരെ കലിംഗ സ്‌റ്റേഡിയത്തിൽ രണ്ടാം അങ്കത്തിനിറങ്ങിയത്. പ്രതീക്ഷക്കൊത്ത തുടക്കമാണ് കൊമ്പൻമാർക്ക് ലഭിച്ചത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. ഒടുവിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തി. ഡയമന്റാകോസ് നൽകിയ ഷോട്ട് ബാക്ക് പാസ് സ്വീകരിച്ച് ബോക്‌സിനുള്ളിലേക്ക് മുന്നേറിയ ഡൈസുകെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമി അനായാസം വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് ആഘോഷം അവസാനിക്കും മുൻപെ എതിരാളികൾ സമനില പിടിച്ചു. ഇടതുവിങിൽ നിന്ന് മുഹമ്മദ് ഉവൈസ് നൽകിയ ലോങ് ബോൾ ഡാനിയേൽ ചിമ ചുകു സൈഡ് ഫൂടിലൂടെ പോസ്റ്റിലേക്ക് തഴുകിയിട്ടു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ വലിയ പിഴവ്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഗോൾ കണ്ടെത്താൻ ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും സമനിലിയിൽ പിരിഞ്ഞു.

57ാം മിനിറ്റിൽ ഡാനിയേൽ ചിമ ചുകുവിലൂടെ ജംഷഡ്പൂർ മത്സരത്തിൽ ലീഡ് പിടിച്ചു. സ്‌റ്റെവനോവിച് ബോക്‌സിലേക്ക് നൽകിയ ബോൾ സ്വീകരിച്ച ചിമചുകു ഉതിർത്ത ഷോട്ട് കൈടിയിലൊതുക്കുന്നതിൽ കേരള ഗോൾകീപ്പർ സച്ചിൻ സുരേഷിന് പിഴച്ചു. കൈവഴുതി പോസ്റ്റിലേക്ക്. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സിന്റെ മറുപടിയെത്തി. വീണ്ടും പെനാൽറ്റി. ആദ്യ ഗോളിന്റെതിന് സമാനമായി ഗ്രീക്ക് താരത്തിന്റെ ഗോൾ(2-2). ലീഗ് നേടാനായി ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും ആക്രമണ പ്രത്യാക്രമണവുമായി കളംനിറഞ്ഞതോടെ അവസാന അരമണിക്കൂറിൽ മത്സരം ആവേശകരമായി.

68ാം മിനിറ്റിൽ ജംഷഡ്പൂർ വിജയമുറപ്പിച്ച ഗോൾകണ്ടെത്തി. ഇത്തവണ പെനാൽറ്റി ബ്ലാസ്റ്റേഴ്‌സിന് എതിരായാണ് റഫറി വിളിച്ചത്. നൈജീരിയൻ താരം ചിമ ചുകുവിനെ ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ജെർമി മൻസോറോ അനായാസം വലയിലാക്കി(3-2) കളിയുടെ അന്തിമ മിനിറ്റുകളിൽ പെപ്രെയിലൂടെ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും ജംഷഡ്പൂർ പ്രതിരോധകോട്ട മറികടക്കാനായില്ല.

Similar Posts