'ജയിക്കണം....' ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരെ
|പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്താനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം
ഗുവാഹത്തി: ഐഎസ്എല്ലിൽ തുടർച്ചയായ നേരിടുന്ന തോൽവികളിൽ നിന്ന് കരകയറാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മിന്നും ജയം നേടിയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങിയത്. എന്നാൽ, അതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിലും ദയനീയ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്.
എ.ടി.കെ മോഹൻ ബഗാനോട് 5-2 ന് തോറ്റപ്പോൾ ഒഡീഷയോട് തോറ്റത് 2-1 നായിരുന്നു. നാലാം മത്സരത്തിൽ 2-0 ന് മുംബൈ എഫ്സിയോടായിരുന്നു തോൽവി. പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്താനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
പ്രതിരോധക്കോട്ടയിലുണ്ടാകുന്ന വിള്ളലുകൾ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. പോരായ്മകളെല്ലാം പരിഹരിച്ച് വിജയം നേടാൻ ഉറച്ചായിരിക്കും വുകുമനോവിച്ചും സംഘവും ഇന്നിറങ്ങുക. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയുമായി പോയിന്റ് പട്ടികയിൽ 9ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ടൂർണമെന്റിലെ നാല് മത്സരങ്ങളിലും തോറ്റ നോർത്ത് ഈസ്റ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമുള്ള ഹൈദരാബാദ് എഫ്.സിയാണ് 10 പോയിന്റുമായി പട്ടികയിൽ ഒന്നാമത്.