ആവേശം വാനോളം; കൊച്ചിയെ മഞ്ഞക്കടലാക്കി ആരാധകർ
|വിജയം ലക്ഷ്യമിട്ട് ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ മൈതാനത്തിന് തീപിടിക്കുമെന്ന് ഉറപ്പാണ്
കൊച്ചി: ഐഎസ്എൽ 9ാം സീസണ് അൽപസമയത്തിനകം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ആദ്യ മത്സരം. വിജയം ലക്ഷ്യമിട്ട് ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ മൈതാനത്തിന് തീപിടിക്കുമെന്ന് ഉറപ്പാണ്. എന്നാൽ, സ്വന്തം മൈതാനത്ത് ആർത്തുവിളിക്കുന്ന മഞ്ഞക്കടലിന് മുന്നിൽ കൂടുതൽ സാധ്യത ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. കഴിഞ്ഞ വർഷം നഷ്ടമായ കിരീടം ഈ വർഷം സ്വന്തമാക്കാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. പുതിയ പരിശീലകനു കീഴിൽ അടിമുടി മാറ്റങ്ങളുമായിട്ടാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്.
പുതിയ സീസണിൽ ടീമിന്റേത് പുതിയ കളി ശൈലി ആയിരിക്കുമെന്ന് കേരളാ ബ്ലാസ്റ്റഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞിരുന്നു. 4-4-2 എന്ന ഫോർമേഷൻ തുടരില്ലെന്നും കളി ശൈലിയിൽ അടിമുടി മാറ്റമുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെറിയ പാസുകളിൽ ഊന്നി കളിക്കാൻ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും പുതിയ സീസണിന്റേതായ മാറ്റം കളിക്കളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കളിച്ച ഹൈബോൾ രീതിക്ക് പകരം കുറിയ പാസുകളിലൂടെ കളിക്കുമെന്നും കോച്ച് പറഞ്ഞു.
കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ പറഞ്ഞു. അഡ്രിയാൻ ലൂന, വാസ്ക്വിസ് തുടങ്ങിയ താരങ്ങൾ കഴിഞ്ഞ സീസണിൽ എത്തുമ്പോൾ ആർക്കും അത്ര പരിചിതരായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആരൊക്കെ ക്ലബ് വിട്ടാലും തന്നെയും തന്റെ ടീമിനെയും വിശ്വസിക്കണെമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നിരവധി കഴിവുറ്റ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം, അഞ്ച് മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഹോം-എവേ ഫോർമാറ്റിൽ 11 വേദികളിലായിട്ടാണ് മത്സരങ്ങൾ. അടുത്ത വർഷം മാർച്ചിലാണ് ടൂർണമെന്റിന്റെ നോക്ക് ഔട്ട് പോരാട്ടങ്ങൾ. ഒരു ഇടവേളയ്ക്ക് ശേഷം ഐ.എസ്.എൽ കൊച്ചിയിലേക്ക് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. വർണശബളമായ ഉദ്ഘാടന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. 6 മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. 7.20ന് ആയിരിക്കും കിക്കോഫ്.