'നടന്നത് നിര്‍ഭാഗ്യകരമായ സംഭവം, ഇറങ്ങി പോയതിന് മാപ്പ്'; വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്
|മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്ന് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു
ഐ.എസ്.എല്ലിൽ ബാംഗ്ലൂരു എ.ഫ്സിക്കെതിരായ മത്സരത്തിലെ ഇറങ്ങിപോക്കിൽ മാപ്പപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സാമൂഹിക മാധ്യമം വഴിയാണ് ക്ലബ്ബ് മാപ്പപേക്ഷ നടത്തിയത്. നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇറങ്ങി പോയതിന് ഖേദം പ്രകടിപ്പിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറഞ്ഞു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ചുവിളിച്ച പരിശീലകന്‍ വുക്മനോവിച്ചിനും വിവാദ ഗോളില്‍ ഐ.എസ്.എല്‍ നോക്കൌട്ട് മാച്ച് പകുതിയില്‍ വെച്ച് ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ രണ്ടു ദിവസം മുമ്പ് പിഴയിട്ടിരുന്നു. നാല് കോടി രൂപയാണ് പിഴ ഈടാക്കിയത്. ബ്ലാസ്റ്റേഴ്സ് ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീം മാപ്പപേക്ഷിച്ച് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയതിന് പുറമേ ടീം പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വുക്മനോവിച്ചിന് വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം. വുക്മനോവിച്ചിനോടും പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴത്തുക പത്ത് ലക്ഷമാക്കും.
𝗖𝗹𝘂𝗯 𝗦𝘁𝗮𝘁𝗲𝗺𝗲𝗻𝘁.#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/l7EmDNYhEG
— Kerala Blasters FC (@KeralaBlasters) April 2, 2023
ബെംഗളൂരു-കേരള മത്സരത്തില്‍ നടന്നത്.
പ്ലേ ഓഫിന് തൊട്ടുമുന്‍പുള്ള ഐ.എസ്.എല്‍ എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വന്‍ വിവാദങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്‍റെ എക്‌സ്ട്രാ ടൈമില്‍ ബംഗളൂരു എഫ്.സി നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയില്‍ പ്രവേശിച്ചു.
ഇരുപകുതികളും ഗോള്‍രഹിതമായതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്‍റെ 96-ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. റഫറി ഗോള്‍ വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചുവിളിച്ചു.ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബംഗളൂരു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബെംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.