ഇവാന്റെ റോക്കറ്റ്... ഗോവൻ ഗോൾ വലയ്ക്ക് തീപിടിച്ചു;ബ്ലാസ്റ്റേഴ്സിന് മിന്നും ജയം
|ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്
കൊച്ചി: ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും ദിമിത്രിയോസിന്റെയും ഗോളിൽ ആദ്യ പകുതിയിൽ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്.
42ാം മിനുറ്റിൽ സഹൽ നൽകിയ പാസ് അനായാസമായി ഗോൾ വല കടത്തി ആദ്യം ലൂണ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. വെറും മൂന്ന് മിനിറ്റിന് ശേഷം അൻവർ അലി ബോക്സിനുള്ളിൽ ദിമിത്രിയോസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട് ദിമിത്രിയോസ് കൊമ്പന്മാരുടെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടാം പകുതിയിലും തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. 52ാം മിനുറ്റിൽ ഇവാൻ കലുയ്ഷ്നിയുടെ വെടിക്കെട്ട് ഷോട്ട് ഗോവൻ കീപ്പർ ധീരജിനെ മറികടന്ന് പോസ്റ്റിലെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നില മൂന്നായതോടെ തിരിച്ചുവരവിനായി ഗോവയും പരിശ്രമിച്ചു. ഇതിന്റെ ഫലമായി നോവ സദോയിലൂടെ ഗോവ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ, പിന്നീട് ബ്ലാസ്റ്റേഴ്സ് വല കുലുക്കാൻ ഗോവയ്ക്ക് സാധിച്ചില്ല.ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 5ാം സ്ഥാനത്താണ്. 5 കളികളിൽ നിന്ന് 9 പോയിന്റുള്ള ഗോവ 4ാം സ്ഥാനത്താണ്.