ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക നീക്കം: പ്രീ സീസണ് യുഎഇയിലേക്ക്
|യുഎഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്
കൊച്ചി: പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെയുള്ള പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. യുഎഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. അതിനാല്‍ കളിക്കാര്‍ക്ക് പരസ്പരം മനസിലാക്കാനും മാനേജ്‌മെന്റിന് ടീമിന്റെ ആഴം വിലയിരുത്താനുമുള്ള അവസരമായി മാറും.
സെപ്തംബർ 9ന് സബീൽ സ്റ്റേഡിയത്തില്‍ അൽ വസൽ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം .സെപ്തംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെതിരെയാണ് രണ്ടാം മത്സരം. പര്യടനത്തിലെ അവസാന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യൻമാരായ ഷബാബ് അൽ-അഹ്‌ലിയെ ദുബായിൽ നേരിടും.
മിഡിൽ ഈസ്റ്റിലുള്ള വലിയൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസൺ ടൂർ മാറും. ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം കാണാനുള്ള അവസരം കൂടിയാണിത്.
കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യുറാൻഡ് കപ്പിന്റെ 132-ാം പതിപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണ്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനു മുൻപ് ഇവാൻ വുകോമാനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം. ഇക്കുറി ഒരുങ്ങിത്തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഐ.എസ്.എൽ കിരീടം തന്നെയാണ് വുക്കോമനോവിച്ച് ലക്ഷ്യമിടുന്നത്.
Presenting our fixtures for the #HalaBlasters2023 tour! ⚽️🇦🇪@H16Sports #KBFC #KeralaBlasters pic.twitter.com/CtCRkvYPnZ
— Kerala Blasters FC (@KeralaBlasters) August 16, 2023