കേരളത്തിന്റെ 'സന്തോഷ' പെരുന്നാൾ; ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ചു
|97ാം മിനിറ്റിൽ ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്.എക്സ്ട്രാ ടൈമിൽ 97-ാം മിനിറ്റിൽ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോൾ നേടിയത്
മഞ്ചേരി: 75ാം എഡിഷൻ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 നാണ് വെസ്റ്റ് ബംഗാളിനെ തകർത്തത്. 97ാം മിനിറ്റിൽ ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്.എക്സ്ട്രാ ടൈമിൽ 97-ാം മിനിറ്റിൽ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോൾ നേടിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 116ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി. ഗോൾ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതിയിൽ ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കിൽ രണ്ടാം പകുതി കേരളത്തിന്റെ ആധിപത്യമായിരുന്നു. തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. മധ്യനിരയിൽ കേരളത്തിന്റെ തന്ത്രങ്ങൾ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാൾ ഫൈനലിൽ ഇറങ്ങിയത്. 36ാം മിനുറ്റിൽ മുന്നേറ്റ നിരക്കാരൻ വിഘ്നേശിനെ പിൻവലിച്ച് സെമിഫൈനലിൽ കേരളത്തിന്റെ തുറുപ്പുചീട്ടായിരുന്ന ജെസിനെ പകരക്കാരനായി ഇറക്കിയെങ്കിലും ഗോളുകൾ പിറന്നില്ല.
സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടിയത്. 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായി.
സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്.