Football
വെറുപ്പിനോട് നോ പറയാം; ചെൽസിയുടെ ഇഫ്‍താറിന്‍റെ ഭാഗമാകാന്‍ കേരള ഫാന്‍സും
Football

'വെറുപ്പിനോട് നോ പറയാം'; ചെൽസിയുടെ ഇഫ്‍താറിന്‍റെ ഭാഗമാകാന്‍ കേരള ഫാന്‍സും

Web Desk
|
25 March 2023 11:17 AM GMT

കേരളത്തിലെ ചെൽസിയുടെ ഒഫീഷ്യൽ സപ്പോർട്ടെഴ്‌സ് ക്ലബ് ആയ ചെൽസി ഫാൻസ് ആരാധകരുടെ നേതൃത്വത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലും കൂടാതെ ദുബായിലും ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസി ഫുട്‌ബോൾ ക്ലബിന്റെ നോമ്പുതുറയുടെ ഭാഗമാകാൻ കേരളത്തിലെ ഫാൻസും. മാർച്ച് 26 ന് ചെൽസിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫഡ് ബ്രിഡ്ജിൽ സമൂഹ നോമ്പു തുറ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ചെൽസിയുടെ ഒഫീഷ്യൽ സപ്പോർട്ടെഴ്‌സ് ക്ലബ് ആയ ചെൽസി ഫാൻസ് ആരാധകരുടെ നേതൃത്വത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലും കൂടാതെ ദുബായിലും ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു.



'വെറുപ്പിനോട് നോ പറയാം' എന്ന ആശയവുമായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി സ്റ്റാംഫഡ് ബ്രിഡ്ജിൽ ഇഫ്താർ സംഘടിപ്പിക്കുന്നത്. മാർച്ച് 26 ഞായറാഴ്ചയായിരിക്കും ഓപ്പൺ ഇഫ്താറെന്നും റമദാൻ വ്രതം അനുഷ്ഠിക്കുന്ന മുസ്ലിംകൾക്ക് ഒത്തുകൂടാനും നോമ്പുതുറക്കാനുമുള്ള അവസരമായിരിക്കും ഇതെന്നും ക്ലബ്ബ് പ്രസ്താവനയിൽ പറയുന്നു.



'മാർച്ച് 22 മുതൽ ഏപ്രിൽ 21 വരെ നീളുന്ന, പ്രഭാതത്തിനു മുന്നേ തുടങ്ങി സൂര്യാസ്തമയം വരെ വ്രതം അനുഷ്ഠിക്കുന്ന ഇസ്ലാമിലെ വിശുദ്ധ മാസമായ റമദാന്റെ ഭാഗമാണ് ഓപ്പൺ ഇഫ്താർ. റമദാനിൽ യു.കെയിലെ ഏറ്റവും വലിയ സാമൂഹിക ഒത്തുചേരലാവും ഇത്. റമദാൻ വ്രതമെടുക്കുന്നവർക്ക് ഒത്തുചേരാനും നോമ്പുതുറക്കാനും പരസ്പരം സംസാരിക്കാനും ഇടപഴകാനും സുരക്ഷിതമായ ഇടമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്' - ചെൽസി വാർത്താകുറിപ്പിൽ പറയുന്നു.

2013ൽ സ്ഥാപിതമായ റമദാൻ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് ചെൽസി ഈ ഇഫ്താർ ഒരുക്കുന്നത്. '2023ൽ, ഞങ്ങളുടെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഓപ്പൺ ഇഫ്താർ സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ചരിത്രത്തിലാദ്യമായി ഇത്തരത്തിൽ ഒരു ഓപ്പൺ ഇഫ്താർ സംഘടിപ്പിക്കുന്നത് 'ദി പ്രൈഡ് ഓഫ് ലണ്ടൻ' ആണ്,' റമദാൻ ടെന്റ് പ്രൊജക്ട് വക്താക്കൾ പറഞ്ഞു.

Similar Posts