12 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ പെനാൽറ്റി കിക്കുകൾ; ഗിന്നസ് റെക്കോർഡുമായി കേരളം
|12 മണിക്കൂറിൽ തുടർച്ചയായി ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കിയാണ് സംസ്ഥാനം റെക്കോർഡ് കീഴടക്കിയത്.
മലപ്പുറം: പെനാൽറ്റി കിക്കിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കീഴടക്കി കേരളം. 12 മണിക്കൂർ കൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു റെക്കോർഡ് ലക്ഷ്യമിട്ടുള്ള പ്രകടനം.
മലയാളികളുടെ ഫുട്ബാൾ ആരാധന ലോക ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം. 12 മണിക്കൂറിൽ തുടർച്ചയായി ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കിയാണ് സംസ്ഥാനം റെക്കോർഡ് കീഴടക്കിയത്. നേട്ടത്തിലേക്ക് എത്തിയതാകട്ടെ കേരളത്തിന്റെ ഫുട്ബോൾ തലസ്ഥാനമായ മലപ്പുറത്തിലൂടെ. കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികളും പൊതുജനങ്ങളും പങ്കാളികളായി.
2500 കിക്കെടുത്തതോടെ ലക്ഷ്യം മറികടന്നെങ്കിലും ആവേശം തുടർന്നു. 4500-ാം കിക്കെടുത്ത് കായിക മന്ത്രി വി അബ്ദുറഹ്മാനും റെക്കോർഡ് ഉദ്യമത്തിൽ പേര് ചേർത്തു. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, മുൻ ഇന്ത്യൻ താരം യു. ഷറഫലി തുടങ്ങിയവരും പെനാൽറ്റി കിക്കെടുത്ത് റെക്കോർഡിന്റെ ഭാഗമായി.