Football
Blasters injured, lost to Bengaluru; Out of the Durant Cup
Football

ബ്ലാസ്‌റ്റേഴ്‌സിന് ഇഞ്ചുറി,ബെംഗളൂരുവിനോട് തോൽവി; ഡ്യൂറന്റ് കപ്പിൽ നിന്ന് പുറത്ത്

Sports Desk
|
23 Aug 2024 4:18 PM GMT

90+5 മിനിറ്റിലാണ് പെരേര ഡയസ് ബെംഗളൂരുവിനായി വിജയഗോൾ നേടിയത്.

കൊൽക്കത്ത: സൗത്ത് ഇന്ത്യൻ നാട്ടങ്കം ജയിച്ച് ബെംഗളൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ (90+5) അർജന്റൈൻ സ്‌ട്രൈക്കർ പെരേര ഡയസാണ് ബെംഗളൂരുവിനായി വിജയഗോൾ നേടിയത്. തോൽവിയോടെ മഞ്ഞപ്പട ഡ്യൂറന്റ് കപ്പിൽ നിന്ന് പുറത്തായി. സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികൾ.

സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇറങ്ങിയ മഞ്ഞപ്പടക്കായി നോഹ സൗദയി, പെപ്ര കൂട്ടുകെട്ടാണ് മുന്നേറ്റത്തിൽ ഇറങ്ങിയത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ മിന്നുംഫോം ബെംഗളൂരുവിനെതിരെ തുടരാൻ പെപ്രക്കും സദോയിക്കുമായില്ല. വിരസമായ ആദ്യ പകുതിക്ക് ശേഷം ഗോൾ നേടാനായി ഇരുടീമുകളും കളംനിറഞ്ഞു. 67ാം മിനിറ്റിൽ ഷിവാൾഡോ സിങിനെ പിൻവലിച്ച് സുനിൽ ഛേത്രിയെ ബെംഗളൂരു കളത്തിലിറക്കി. ഇരുഭാഗത്തേക്കും പന്ത് കുതിച്ചെത്തിയെങ്കിലും ഗോൾമാത്രം അകന്നുനിന്നു.

ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് വിജയഗോളെത്തിയത്. 95ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ലാൽറോസ്മ ഫനായ് ബോക്‌സിലേക്ക് നൽകി. അതിവേഗത്തിലെത്തിയ പന്തിന്റെ ഗതിമാറ്റി സുനിൽ ഛേത്രി ചെറിയ ടച്ചിൽ മറിച്ചുനൽകി. പന്ത് നേരെയെത്തിയത് മാർക്ക് ചെയ്യാതെ നിന്നിരുന്ന പെരേര ഡയസിന്റെ കാലുകളിലേക്ക്. മികച്ചൊരു ഷോട്ടിലൂടെ പന്ത് പോസ്റ്റിന്റെ റൂഫിൽ അടിച്ചുകയറ്റി. തൊട്ടുപിന്നാലെ ഫൈനൽ വിസിൽ എത്തിയതോടെ മറ്റൊരു ലാസ്റ്റ്മിനിറ്റ് ഡ്രാമയിൽ ബ്ലാസ്റ്റേഴ്‌സ് വീണു.

Similar Posts