മാഞ്ചസ്റ്ററിലേക്ക് പോവുകയാണെന്ന് റൊണാള്‍ഡോ തന്നോട് ഒരു മാസം മുമ്പ് പറഞ്ഞിരുന്നതായി ഖബീബ്
|ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഇഷ്ടം കൊണ്ടാണ് താന്‍ ഫുട്ബോള്‍ ഇഷ്ടപ്പെട്ടതും ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഖബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ തീരുമാനിച്ചതാണെന്ന് സുഹൃത്തും മുൻ യു.എഫ്.സി താരവുമായ ഖബീബ് നുര്‍മാഗോമെദോവ്. ഓൾഡ് ട്രാഫോർഡിലേക്കുള്ള വൈകാരികമായ തിരിച്ചുവരുന്നതിന് ഒരു മാസം മുമ്പ് തന്റെ ഭാവി മാഞ്ചസ്റ്റർ യുണൈറ്റഡിലാണെന്ന് സുഹൃത്ത് റൊണാൾഡോ പറഞ്ഞിരുന്നതായി ഖബീബ് നൂർമഗോമെഡോവ് വെളിപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഉറപ്പിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പെട്ടെന്ന് റൊണാള്‍ഡോ യുണൈറ്റഡിലേക്കെന്ന് വാര്‍ത്തവരുന്നത്. ഖബീബിന്റെ വെളിപ്പെടുത്തല്‍ റൊണാള്‍ഡോ സിറ്റിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളെ തള്ളിക്കളയുന്നതാണ്.
മുന്‍ യു.എഫ്.സി ചാംപ്യനായിരുന്ന റഷ്യയുടെ ഖബീബ് നുര്‍മാഗോമെദോവ് ഈയിടെ കാല്പന്തുകളിയിലേക്ക് ചുവടുവെച്ചിരുന്നു. റഷ്യയിലെ മൂന്നാം ഡിവിഷന് ക്ലബ്ബായ എഫ് സി ലെജിന്‍ ഡൈനാമോയ്ക്ക് വേണ്ടിയാണ് താരം ആദ്യമായി കളിക്കുന്നത്. അടുത്തിടെയാണ് താരം മിക്സഡ് മാര്‍ഷല്‍ ആര്‍ട്സില്‍ നിന്നും വിരമിച്ചത്. ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ആരാധന മൂത്താണ് താന്‍ ഫുട്ബോള്‍ ഇഷ്ടപ്പെട്ടതും ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഖബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രസീലിന്റെ റൊണാള്‍ഡോ ആയിരുന്നു തന്റെ ഇഷ്ടഫുട്ബോളര്‍. എന്നാല്‍ പിന്നീട് ക്രിസ്റ്റ്യാനോയോട് അടങ്ങാത്ത ആരാധന വരികയായിരുന്നുവെന്നും 32 കാരനായ ഖബീബ് പറയുന്നു. സ്ട്രൈക്കറുടെ റോളിലാണ് താരത്തിന്റെ അരങ്ങേറ്റം.
ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്കും ഫുട്ബോളില്‍ മെസിക്കും റൊണാള്‍ഡോക്കും ലഭിക്കുന്നതിന് സമാനമായ താരപരിവേഷമാണ് യു.എഫ്.സി താരങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് ഖബീബ്. സാംബോ, ജുഡോ, ഗുസ്തി എന്നിവയെല്ലാം വശത്താക്കിയ ഖബീബ് മിക്സഡ് മാര്‍ഷ്വല്‍ ആര്‍ട്സിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കായിക ലോകത്തെ വര്‍ണവിവേചനത്തിനെതിരേയും ഖബീബ് നിരവധി തവണ രംഗത്ത് വന്നിരുന്നു.
12 വര്‍ഷത്തിന് ശേഷമാണ് ക്രിസ്റ്റ്യാനൊ യുണൈറ്റഡില്‍ മടങ്ങിയെത്തുന്നത്. 18ാം വയസില്‍ യുണൈറ്റഡിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. 2003ൽ പോർചുഗലിലെ സ്പോർട്ടിങ് ക്ലബിൽനിന്ന് യുനൈറ്റഡിലെത്തിയ റൊണാൾഡോ ആറു സീസണുകളിൽ ക്ലബ് ജഴ്സിയണിഞ്ഞ കാലത്താണ് ലോകോത്തര താരമായി വളർന്നത്. 2003 മുതൽ 2009 വരെയുള്ള സീസണുകളിൽ 196 മത്സരങ്ങളിലാണ് റോണോ മാഞ്ചസ്റ്ററിനു വേണ്ടി ഇറങ്ങിയത്. 84 ഗോൾ നേടിയ താരം ഒരു തവണ ഗോൾഡൺ ബൂട്ട് പുരസ്കാരവും രണ്ട് തവണ പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരവും സ്വന്തമാക്കി. മൂന്ന് ഇപിഎൽ കിരീടനേട്ടങ്ങളുടെയും ഭാഗമായി. 2009ലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് കൂടുമാറിയത്. പത്തു വർഷത്തെ റയൽ വാസത്തിനുശേഷം 2018ലാണ് യുവന്റസിലെത്തിയത്.