ക്ലബ്ബ് പ്രസിഡണ്ടുമായി ഉടക്ക്; ബാഴ്സ കോച്ച് കൂമന്റെ ഭാവി തുലാസിൽ
|'ഞാനുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹത്തിന് എന്നോട് നേരിട്ട് പറയാമായിരുന്നു. പ്രസിഡണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ സന്നദ്ധനുമാണ്.'
ബാഴ്സലോണ മുഖ്യപരിശീലകനായുള്ള റൊണാൾഡ് കൂമന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ജോൺ ലാപോർട്ടയുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമായി വെളിപ്പെടുത്തിയ കൂമന്റെ ബാഴ്സയിലെ ഭാവി, ഇന്ന് ബയേൺ മ്യൂണിക്കിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോറ്റാൽ പരിതാപകരമാകുമെന്നാണ് സൂചന. ലാപോർട്ടയും താനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളോട് പറഞ്ഞ കൂമാന്റെ നടപടിയിൽ ബാഴ്സ ബോർഡ് അസ്വസ്ഥരാണെന്നും റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച നെതർലന്റ്സിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് കൂമൻ ലാപോർട്ടയെ കുറിച്ച് പരസ്യപ്രതികരണം നടത്തിയത്. നിലവിലെ കരാർ കഴിഞ്ഞും കൂമന് ക്ലബ്ബിൽ തുടരണമെങ്കിൽ നിരവധി കടമ്പകളുണ്ടെന്ന് ലാപോർട്ട അഭിപ്രായപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കോച്ചിനെ ചൊടിപ്പിച്ചത്.
'ലാപോർട്ടയുമായുള്ള എന്റെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, കഴിഞ്ഞയാഴ്ച ശരിയല്ലെന്ന് എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ സംഭവിച്ചു. എല്ലാ അധികാരവും കോച്ചിനല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ആവശ്യത്തിലേറെ സംസാരിക്കുകയും രണ്ടുതവണ അബദ്ധങ്ങൾ പറയുകയും ചെയ്തു.'
'ഞാനുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹത്തിന് എന്നോട് നേരിട്ട് പറയാമായിരുന്നു. പ്രസിഡണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ സന്നദ്ധനുമാണ്. പക്ഷേ, അത് മാധ്യമങ്ങളിലൂടെയല്ല സംഭവിക്കേണ്ടത്. അതാണ് കുഴപ്പം.' - അദ്ദേഹം പറഞ്ഞു.
ബാഴ്സ കളിക്കാരുടെയും ക്ലബ്ബ് അംഗങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും കൂമൻ പറഞ്ഞു: 'പ്രസിഡണ്ട് മുതൽ എല്ലാവരും എനിക്ക് പിന്നിലുണ്ട്. കളിക്കാരുടെയും മറ്റ് സ്റ്റാഫുകളുടെയും ബോർഡ് അംഗങ്ങളുടെയും പിന്തുണ എനിക്കുണ്ട്. 2022 ജൂണിനു ശേഷവും ക്ലബ്ബിൽ തുടരാൻ ഞാൻ ഒരുക്കമാണ്. ഞാൻ കാരണമായാണ് ഈ ക്ലബ്ബിന് ഒരു ഭാവിയുണ്ടായത്.' - കൂമൻ പറഞ്ഞു. ലയണൽ മെസ്സിയും ആന്റോയ്ൻ ഗ്രീസ്മനും വിട്ടുപോയതോടെ ക്ലബ്ബ് പ്രതിസന്ധിയിലാണെന്നും നിലവിലെ സ്ക്വാഡ് വെച്ച് വലിയ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ ടീമുകളുടെ നിലവാരത്തിൽ നമ്മൾ പോരാടണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും കഴിയേണ്ടിവരും. നമ്മൾ ചെയ്യേണ്ടത് ചെയ്യാൻ കഴിയുന്ന സാഹചര്യത്തിലല്ല ഇപ്പോഴുള്ളത് എന്ന കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്. കായികപരമായി നോക്കുകയാണെങ്കിൽ ഈ ക്ലബ്ബ എല്ലായ്പോഴും മികച്ചതാണ്. ചാമ്പ്യൻസ് ലീഗ് നേടാനും തുടർച്ചയായ നിരവധി വർഷങ്ങളിൽ സ്പെയിനിലെ മികച്ച ടീമാവാനും കഴിയുമോ എന്നതാണ് ചോദ്യം.' - കോച്ച് പറഞ്ഞു.
കോച്ചിന്റെ വാക്കുകളിൽ ക്ലബ്ബ് പ്രസിഡണ്ട് അസ്വസ്ഥനാണെന്നും പരസ്യ പ്രതികരണം നടത്തിയത് ഡയറക്ടർ ബോർഡിന് ദഹിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽതന്നെ, ഇന്ന് ക്യാംപ് നൗവിൽ നടക്കുന്ന മത്സരം അദ്ദേഹത്തിന് നിർണായകമാവും.