പെനൽറ്റിക്കിടെ ഡെന്മാർക്ക് ഗോൾകീപ്പർക്ക് നേരെ ലേസർ പ്രയോഗം? വിവാദം
|ഇംഗ്ലണ്ട്-ഡെന്മാർക്ക് മത്സരത്തിനിടെ നിർണായകമായ പെനൽറ്റി കിക്ക് നേരിടുന്നതിനിടെ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നോ?
ഇംഗ്ലണ്ട്-ഡെന്മാർക്ക് മത്സരത്തിനിടെ നിർണായകമായ പെനൽറ്റി കിക്ക് നേരിടുന്നതിനിടെ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നോ? പച്ച നിറത്തിലുള്ള വെളിച്ചം കാസ്പറിന്റെ മുഖത്ത് പതിച്ചതായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആരോപണം കനപ്പെട്ടത്.
മത്സരത്തിൽ 2-1ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായതോടെ എക്‌സ്ട്രാ ടൈമിലെ ഗോളാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 104ാം മിനുറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ കിക്ക് നേരിടവെയാണ് കാസ്പർക്ക് ലേസർ പ്രയോഗം ഏറ്റതായി പറയപ്പെടുന്നത്.
വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ആരാധകരാണ് ഈ 'കൃത്യ'ത്തിന് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി ട്വീറ്റുകളാണ് ഇതു സംബന്ധിച്ച് പ്രവഹിക്കുന്നത്. കെയിൻ അടിച്ച പന്ത് കാസ്പർ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലാണ് ഗോളാകുന്നത്. ഇതും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലിലെത്തുന്നത്. 55 വർഷങ്ങൾക്ക് ശേഷം ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇഗ്ലീഷ് പട യോഗ്യത നേടിയെന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. പ്രതിഭാധനരായ ഒരുപാട് താരങ്ങൾ മുമ്പുണ്ടായിരുന്നിട്ടും അവർക്കൊന്നും കഴിയാതിരുന്നത് ഹാരി കെയിനും സംഘവും സാധ്യമാക്കുകയായിരുന്നു.