മാഴ്‌സലോ ബിയൽസയെ പുറത്താക്കി ലീഡ്‌സ്
|അമേരിക്കൻ പരിശീലകൻ ജെസ് മാർഷ് ആയിരിക്കും അടുത്ത പരിശീലകൻ എന്നാണ് റിപ്പോർട്ട്.
പ്രീമിയർ ലീഗിലെ മോശം ഫോമിനെ തുടർന്ന് കോച്ച് മാഴ്‌സലോ ബിയൽസയെ പുറത്താക്കി ലീഡ്‌സ് യുണൈറ്റഡ്. 2018 ജൂണിലാണ് അറുപത്തിയാറുകാരനായ ബിയൽസയെ ലീഡ്‌സ് പരിശീലക സ്ഥാനം ഏൽപ്പിച്ചത്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലെത്തിയ ക്ലബ്ബിനെ കഴിഞ്ഞ സീസണിൽ ബിയൽസ ഒമ്പതാം സ്ഥാനത്തെത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ടോട്ടൻഹാമിൽ നിന്നേറ്റ നാലു ഗോൾ തോൽവിക്ക് പിന്നാലെയാണ് കോച്ചിനെ പുറത്താക്കുന്നതായി ലീഡ്‌സ് മാനേജ്‌മെന്റ് അറിയിച്ചത്. 'ലീഡ്‌സ് യുണൈറ്റഡിൽ എന്റെ കാലത്ത് എടുക്കുന്ന അങ്ങേയറ്റം കടുപ്പമേറിയ തീരുമാനമാണിത്. മാഴ്‌സലോയ്ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.' - ക്ലബ് ചെയർമാൻ ആൻഡ്രിയ റദ്രിസ്സാനി പറഞ്ഞു. 'ഞങ്ങളുടെ മുഖ്യപരിശീലകൻ എന്ന നിലയിൽ, ഞങ്ങൾക്ക് അവിശ്വസനീയമായ മൂന്നു സീസൺ ഉണ്ടായിരുന്നു. എല്ലൻഡ് റോഡിലേക്ക് (ക്ലബിന്റ ആസ്ഥാനം) നല്ല കാലം തിരിച്ചെത്തി. അദ്ദേഹം ക്ലബിന്റെ സംസ്‌കാരം തന്നെ മാറ്റി. ഞങ്ങളിൽ എല്ലാവരിലും ജയമനോഭാവം വളർത്തി'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഫൻസീവ് ഫുട്‌ബോളിന് പേരുകേട്ട ലീഡ്‌സിനെ ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായി മാറ്റിയത് ബിയൽസയാണ്. പ്രതിരോധ ശൈലിയുടെ പേരിൽ ക്ലബിന് ഡേർട്ടി ലീഡ്‌സ് എന്നൊരു വിളിപ്പേരുമുണ്ടായിരുന്നു. എതിര്‍പാതിയില്‍ നിർത്താതെ നിരന്തരം പ്രസ് ചെയ്യുന്നതാണ് (ഹൈ ഇന്റൻസിറ്റി) ബിയൽസയുടെ കേളീശൈലി. അർജന്റീനൻ ദേശീയ ടീമിന്റെ കോച്ചായിരുന്നു. പെപ് ഗ്വാർഡിയോള, മൗറിസിയോ പൊച്ചറ്റിനോ തുടങ്ങി ആധുനിക ഫുട്‌ബോളിലെ വമ്പൻ കോച്ചുമാരെ സ്വാധീനിച്ച പരിശീലകൻ കൂടിയാണ്.
പ്രീമിയർ ലീഗിന്റെ ഈ സീസണിൽ 23 പോയിന്റുമായി 16-ാം സ്ഥാനത്താണ് ലീഡ്‌സ്. 26 കളികളിൽ നിന്ന് അഞ്ചു മത്സരവും എട്ടു സമനിലയും 13 തോൽവിയുമാണ് ടീമിന്റെ സമ്പാദ്യം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 66 ഉം രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 60 ഉം പോയിന്റുണ്ട്.
അമേരിക്കൻ പരിശീലകൻ ജെസ് മാർഷ് ആയിരിക്കും അടുത്ത പരിശീലകൻ എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഈ സീസണിന്റെ തുടക്കത്തിൽ ബുണ്ടസ്‌ലീഗ ക്ലബ് ആർ.ബി ലെപ്‌സിഗിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം.