ചെൽസിയെ തോൽപ്പിച്ച് എഫ്.എ കപ്പില്‍ ലെസ്റ്ററിന് ചരിത്ര വിജയം
|ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം
വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി ചെൽസിയെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്.
രണ്ടാം പകുതിയിലാണ് ലെസ്റ്റർ സിറ്റിയുടെ നിര്‍ണായകമായ ഗോൾ വന്നത്. 63ആം മിനുറ്റിൽ യൂറി ടൈലമൻസ് 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ട് ഗോൾവലയില്‍ പതിച്ചു. ചെൽസി ഇത് തുടർച്ചയായ രണ്ടാം വർഷമാണ് എഫ്.എ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഴ്‍സനലിനോടായിരുന്നു ചെല്‍സിയുടെ പരാജയം.
സ്‌കോട്ടിഷ് എഫ്.എ കപ്പിന് പിന്നാലെ ഇംഗ്ലീഷ് എഫ്.എ കപ്പും നേടിയ ബ്രെന്‍ഡന്‍ റോജേഴ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. നാല് തവണ എഫ്.എ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട ലെസ്റ്റര്‍ സിറ്റി ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ടു.