'പ്രായം വെല്ലുവിളി, പക്ഷേ..'; 2026 ലോകകപ്പ് പ്രതീക്ഷ പങ്കുവച്ച് മെസി
|'ബൂട്ടും ടി-ഷർട്ടുമടക്കം ലോകകപ്പിൽ ലഭിച്ചതെല്ലാം ബാഴ്‌സലോണയിലേക്ക് കൊണ്ടുപോകും. കരിയർ അവസാനിപ്പിച്ചാൽ ബാഴ്‌സയിലേക്ക് തിരിച്ചുപോകും.'
ബ്യൂണസ് അയേഴ്‌സ്: 2026 ലോകകപ്പിൽ കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം ലയണൽ മെസി. പ്രായം വെല്ലുവിളിയാണെന്നും നല്ല ഫോമിൽ ആസ്വദിച്ചുകളിക്കുകയാണെങ്കിൽ അതു തുടരുമെന്നും താരം വെളിപ്പെടുത്തി. ഫുട്‌ബോൾ ബൂട്ടഴിച്ചാൽ ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്നും മെസി പറഞ്ഞു.
അർജന്റീന മാധ്യമമായ 'ഡയറിയോ ഡിപോർട്ടിവോ ഒലെ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 'പ്രായം കാരണം 2026 ലോകകപ്പ് കളിക്കുക പ്രയാസമായിരിക്കും. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടമാണ്. നല്ല ഫോമിലാണെന്നും ആസ്വദിക്കുന്നുണ്ടെന്നും തോന്നുന്നിടത്തോളം അതു തുടരും. അടുത്ത ലോകകപ്പിന് ഇനിയും ഏറെയുണ്ട്. കരിയർ എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ അപേക്ഷിച്ചിരിക്കും ഭാവികാര്യങ്ങൾ.'-മെസി വ്യക്തമാക്കി.
'വളരെ അടുത്തുനിന്ന് ലോകകപ്പ് കാണാനായി. ആ കപ്പിനു തൊട്ടടുത്തുനിൽക്കണം, തൊടണം, ചുംബിക്കണമെന്നൊക്കെ കൊതിച്ചിരുന്നു. അതു യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് പറയാനാകുന്നത് ഏറെ വൈകാരികാനുഭവമാണ്. ഇപ്പോഴും അതൊരു വൈകാരികനിമിഷമായി തുടരുകയാണ്. ഇപ്പോൾ അതെല്ലാം കാണുമ്പോൾ അന്നത്തേതിനെക്കാൾ ഞാനത് ആസ്വദിക്കുന്നു. നിരവധി വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.'
ലോകകപ്പിൽ ലഭിച്ച എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ബൂട്ടും ടി-ഷർട്ടുമെല്ലാം അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ അടുത്താണുള്ളത്. അതെല്ലാം ബാഴ്‌സലോണയിലേക്ക് കൊണ്ടുപോകും. എന്റെ ഓർമകളും എല്ലാമെല്ലാം അവിടെയാണുള്ളതെന്നും മെസി ചൂണ്ടിക്കാട്ടി.
സ്വന്തം വീടാണ് ബാഴ്‌സയെന്നും ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചാൽ അങ്ങോട്ട് തിരിച്ചുപോകുമെന്നും താരം പറഞ്ഞു. കരിയർ അവസാനിപ്പിച്ചാൽ ബാഴ്‌സലോണയിലേക്കു തിരിച്ചുപോകും. അവിടെ കഴിയണം. ബാഴ്‌സ തന്റെ സ്വന്തം വീടാണെന്നും അഭിമുഖത്തിൽ മെസി കൂട്ടിച്ചേർത്തു.
Summary: Football star Lionel Messi has doubts about playing 2026 World Cup as he thinks because of age, it'll be difficult to make 2026