ആക്രമിച്ചു കീഴടക്കുക; അർജന്റീനയ്ക്ക് മുമ്പിൽ ഒരേയൊരു വഴി
|പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ പോളണ്ടിന് സമനില മതി
ദോഹ: തോറ്റാൽ മടക്ക ടിക്കറ്റെടുക്കാം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ നേരിടുമ്പോൾ അർജന്റീനയ്ക്കു മുമ്പിലുള്ള ഏറ്റവും വലിയ സമ്മർദ്ദം ഈ തോൽവി ഭയം തന്നെ. ഒരു സമനില പോലും മുമ്പോട്ടുള്ള യാത്ര അപകടത്തിലാക്കും. ഗ്രൂപ്പിലെ മറ്റു ടീമുകളുടെ കാരുണ്യത്തെ ആശ്രയിച്ചിരിക്കുമത്.
സി ഗ്രൂപ്പിൽ അർജന്റീന ഏറ്റുമുട്ടുന്ന ഏറ്റവും ശക്തരായ എതിരാളികളാണ് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ട്. രണ്ട് കളിയിൽനിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് അവർക്കുള്ളത്. ഗ്രൂപ്പിൽ ഒന്നാമത്. ഒരു സമനില പോലും അവർക്ക് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുള്ള വഴിയൊരുക്കും.
പോളണ്ട് വരുന്ന വഴി
ആദ്യ കളിയിൽ ലാറ്റിനമേരിക്കൻ ശക്തികളായ മെക്‌സിക്കോ ആയിരുന്നു പോളണ്ടിന്റെ എതിരാളികൾ. എതിരാളികൾക്കെതിരെ വ്യക്തമായ ആധിപത്യം നേടിയിട്ടും ആ മത്സരത്തിൽ പോളിഷ് സംഘത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോളിലേക്ക് പതിനൊന്നു ഷോട്ടുകളാണ് ടീം ഉതിർത്തത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റി ലെവൻഡോവ്‌സ്‌കി നഷ്ടപ്പെടുത്തുകയും ചെയ്തു. മെക്‌സിക്കൻ ഗോൾകീപ്പർ ഗിലെർമോ ഒച്ചാവയാണ് പോളിഷ് സ്‌ട്രൈക്കറുടെ ഷോട്ട് തടുത്തത്.
എന്നാല്‍ രണ്ടാം മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ രണ്ടു ഗോളിന് പോളണ്ട് തോൽപ്പിച്ചു. സെലൻസ്‌കി, ലെവൻഡോവ്‌സ്‌കി എന്നിവരായിരുന്നു സ്‌കോറർമാർ. യൂറോപ്യൻ കളിത്തട്ടിലെ പരിചയസമ്പത്തു കൊണ്ടാണ് ആ കളി പോളിഷ് സംഘം ജയിച്ചു കയറിയത്. നന്നായി കളിച്ച സൗദി ടാർഗറ്റിലേക്ക് അഞ്ചു തവണയാണ് ഷോട്ടടിച്ചത്. പോളണ്ട് മൂന്നും.
മെക്‌സിക്കോയ്‌ക്കെതിരെ ലവൻഡോവ്‌സ്‌കിയെ മുന്നിൽ നിർത്തി 4-1-4-1 ഫോർമേഷനിലാണ് കോച്ച് ജെറാഡോ മാർട്ടിനോ ടീമിനെ വിന്യസിച്ചത്. വിജയം അനിവാര്യമായ ഘട്ടത്തിൽ സൗദിക്കെതിരെ 4-4-2 ആയിരുന്നു ഫോർമേഷൻ. ലെവൻഡോവ്‌സ്‌കിക്ക് ഒപ്പം സീരി എയിൽ യുവന്റസിനായി കളിക്കുന്ന മിലികാണ് ആക്രമണത്തിലുണ്ടായിരുന്നത്.
അണിയറയിലെ തന്ത്രങ്ങൾ
സമനില ലക്ഷ്യമിട്ടുള്ള പ്രതിരോധ ഫുട്‌ബോളല്ല കളിക്കുന്നത് എങ്കിൽ, കായികമായി തങ്ങൾക്കുള്ള മേൽക്കൈ കളത്തിൽ ഉപയോഗിക്കാൻ പോളണ്ട് ശ്രമിക്കും. പോളണ്ടിന്റെ രണ്ട് സ്‌ട്രൈക്കർമാരും നല്ല ഉയരമുള്ളവരാണ്. അർജന്റീനയുടെ ഇരുവശങ്ങളിലൂടെയും ആക്രമിച്ച് ബോക്‌സിലേക്ക് ക്രോസ് ചെയ്ത് സ്‌ട്രൈക്കർമാരെ കണ്ടെത്തുന്ന രീതിയാകും പോളണ്ട് സ്വീകരിക്കുക.
ഇതിനെ നേരിടാൻ ഉയരക്കുറവുള്ള ലിസാൻഡ്രോ മാർട്ടിനസിന് പകരം ക്രിസ്റ്റ്യൻ റൊമേറോ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. എന്നാൽ ആദ്യ മത്സരത്തിൽ റൊമേറൊയുടെ സ്‌പേസ് വഴിയാണ് സൗദി രണ്ടു ഗോളും നേടിയിരുന്നത്. മെക്‌സിക്കോയ്‌ക്കെതിരെ ലിസാൻഡ്രോയുടെ പ്രകടനം മികച്ചതുമായിരുന്നു. പിൻനിരയിൽ മോണ്ടിയലിന് പകരം മൊളീന വന്നേക്കും. ഓട്ടമെൻഡിയും അക്കുനയും സ്ഥാനം നിലനിർത്തിയേക്കും.
മധ്യനിരയിൽ ഗൈഡോ റോഡിഗ്രസിന് പകരം കഴിഞ്ഞ കളിയിൽ ഗോൾ കണ്ടെത്തിയ എൻസോ ഫെർണാണ്ടസ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയിൽ ക്ഷമാപൂർവ്വം കളി മെനഞ്ഞ് താളം കണ്ടെത്തി, കൃത്യമായ അവസരത്തിൽ ബോക്‌സിലേക്ക് തുളച്ചു കയറുന്ന കളിരീതിയാണ് സ്‌കലോണിയുടേത്. ഡിഫൻസീവായി കളിക്കുന്ന ഗൈഡോക്ക് പകരം അറ്റാക്കങ് മനസ്ഥിതിയുള്ള എൻസോ വന്നാൽ കുറച്ചു കൂടി ഫ്രീ ഫ്‌ളോ ഗെയിമിലേക്ക് അർജന്റീന മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മെസ്സി, ഡി മരിയ, മാക് അലിസ്റ്റർ എന്നിവരടങ്ങിയ മധ്യനിരയ്ക്ക് മേഞ്ഞു നടക്കാനുള്ള ഇടം കുറയ്ക്കുക എന്ന തന്ത്രവും പോളണ്ട് സ്വീകരിക്കും. സ്‌ട്രൈക്കിങ്ങിൽ ലൗതാരോ മാർട്ടിനസിന് പകരം സിറ്റിയുടെ മുന്നേറ്റ താരം ജൂലിയൻ അൽവാരസിനെ പരീക്ഷിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഒന്നാം സ്ഥാനം മതി!
വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കാനാകും അർജന്റീന ആഗ്രഹിക്കുക. രണ്ടാം സ്ഥാനക്കാരാണെങ്കിൽ അടുത്ത ഘട്ടത്തിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ഫ്രാൻസിനെയാകും മെസ്സിക്കും സംഘത്തിനും നേരിടാനുണ്ടാകുക. ചാമ്പ്യന്മാരായാൽ ഡെന്മാർക്ക്, ആസ്‌ട്രേലിയ ടീമുകളിൽ ഏതെങ്കിലുമൊന്ന് എതിരാളികളായി വരും. കണക്കിലെ കളിയിൽ തുനീഷ്യക്കും സാധ്യതയുണ്ടെങ്കിലും മിന്നും ഫോമിൽ നിൽക്കുന്ന ഫ്രാൻസിനെതിരെ അവർ വിജയിക്കാനിടയില്ല.