കേരളത്തിൽ പന്തുതട്ടാൻ മെസി; അർജന്റീനൻ ടീം രണ്ട് മത്സരങ്ങൾ കളിക്കും
|ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ ആരവങ്ങൾക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി.
അർജൻറീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഈ വർഷം ജൂണിൽ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്.
നിലവിൽ അമേരിക്കയിലെ ഇന്റർ മയാമി ക്ലബിൽ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയിൽ അറേബ്യൻ കപ്പിൽ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതൽ ദേശീയടീമിൽ കളിക്കുന്ന മെസി ഇതുവരെ 180 കളിയിൽ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.