Football
LionelMessibooed, Messiwhistled, PSGfansagainstMessi, PSGfansprotestagainstMessi
Football

നാണംകെട്ട് മടക്കമോ? മെസിയെ വിടാതെ പി.എസ്.ജി ആരാധകർ; വീണ്ടും കൂക്കുവിളിയും പരിഹാസവും

Web Desk
|
3 April 2023 10:50 AM GMT

കഴിഞ്ഞ മാസം റെന്നെയ്‌ക്കെതിരെ നടന്ന മത്സരത്തിലും പി.എസ്.ജി ആരാധകർ മെസിക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

പാരിസ്: തുടർതോൽവികൾക്കിടെ സൂപ്പർ താരം ലയണൽ മെസിയെ വിടാതെ പി.എസ്.ജി ആരാധകർ. ലിഗ് വണ്ണിൽ ഞായറാഴ്ച രാത്രി നടന്ന പി.എസ്.ജി-ലിയോൺ മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു മെസിക്കെതിരെ ആരാധകരുടെ കൂക്കുവിളിയും ചൂളംവിളിയും ഉയർന്നത്. കഴിഞ്ഞ മാസം റെന്നെയ്‌ക്കെതിരെ നടന്ന മത്സരത്തിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള നീക്കം സജീവമാക്കിയിരിക്കെയാണ് ആരാധകരുടെ പ്രതിഷേധം.

ഒളിംപിക് ലിയോണൈസിനെതിരെ(ലിയോൺ) പി.എസ്.ജിയുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുമ്പോഴായിരുന്നു സംഭവം. മെസിയുടെ പേര് പ്രഖ്യാപിച്ചതോടെ ആരാധകർ കൂക്കിവിളിക്കുകയും ചൂളംവിളിക്കുകയും ചെയ്തു. പി.എസ്.ജി ആരാധക കൂട്ടായ്മയായ 'കലക്ടീവ് അൾട്രാസ് പാരിസ്' ആണ് ഇത്തവണയും പ്രതിഷേധത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.

മെസിയും എംബാപ്പെയും അണിനിരന്നിട്ടും ശനിദശയിൽനിന്ന് രക്ഷപ്പെടാൻ ടീമിനായില്ല. മത്സരത്തിൽ ലിയോൺ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പി.എസ്.ജിയെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപിച്ചത്. കഴിഞ്ഞ മാസം 19ന് റെന്നെയ്‌ക്കെതിരെ ഹോംഗ്രൗണ്ടിൽ തന്നെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പി.എസ്.ജിയുടെ തോൽവി. മത്സരത്തിലും ആരാധകർ കൂക്കുവിളിച്ചും പരസ്യമായി അവഹേളിച്ചുമാണ് മെസിയെ നേരിട്ടത്. കളി കഴിഞ്ഞ് താരങ്ങളെല്ലാം ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ മെസി അതിനു നിൽക്കാതെ നേരെ ഗ്രൗണ്ട് വിടുകയായിരുന്നു.

ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റുപുറത്തായതിനു പിന്നാലെയാണ് മെസിക്കെതിരെ പരസ്യപ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയത്. താരത്തിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് പി.എസ്.ജി ഫാൻസ് കൂട്ടായ്മ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വൻതുക പ്രതിഫലം വാങ്ങുന്ന മെസിയാണ് ടീമിന്റെ പരിതാപകരമായ നിലയ്ക്ക് പ്രധാന ഉത്തരവാദിയെന്നാണ് കലക്ടീവ് അൾട്രാസ് പാരിസ് പ്രതിനിധികൾ വിമർശിച്ചത്.

അതിനിടെ, സൂപ്പർ താരം ബാഴ്സലോണയിൽ തിരിച്ചെത്താനുള്ള സാധ്യത ശക്തമാകുകയാണ്. ഈ സീസണോടെ മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. കരാർ ഇതുവരെ പുതുക്കിയിട്ടില്ലെന്നാണ് പി.എസ്.ജി മാനേജർ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കിയത്. മെസിയുടെ തിരിച്ചുകൊണ്ടുവരാൻ നീക്കംനടത്തുന്നതായി ബാഴ്സലോണ കോച്ച് ഷാവി ഹെർണാണ്ടസും ക്ലബ് വൈസ് പ്രസിഡന്റ് റാഫ യുസ്തെയും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Summary: PSG fans booed and whistled at Lionel Messi again amid the star's Barcelona return rumours

Similar Posts