Football
വീണ്ടും മെസിയുടെ മാന്ത്രിക സ്പർശം; വീണു കിടക്കുന്ന താരത്തിന് മുകളിലൂടെ ഡ്രിബ്ലിങ് സ്‌കിൽ- വീഡിയോ
Football

വീണ്ടും മെസിയുടെ 'മാന്ത്രിക സ്പർശം'; വീണു കിടക്കുന്ന താരത്തിന് മുകളിലൂടെ ഡ്രിബ്ലിങ് സ്‌കിൽ- വീഡിയോ

Web Desk
|
22 Feb 2024 10:18 AM GMT

മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ ആദ്യ മത്സരത്തിലാണ് വീണ്ടുമൊരു മെസി അത്ഭുത നീക്കമെത്തിയത്.

കളിക്കളത്തിൽ ലയണൽ മെസിയുടെ മാന്ത്രിക സ്പർശം നിരവധി തവണ ഫുട്‌ബോൾ ലോകം വീക്ഷിച്ചതാണ്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതും 36 കാരന്റെ അത്യുജ്ജ്വല പ്രകടനമാണ്. തുകൽ പന്തിനെ കാലിൽ തുന്നി ചേർത്ത പോലെയുള്ള താരത്തിന്റെ ഓരോ നീക്കങ്ങളും കാൽപന്ത് കളിയിലെ വശ്യ മനോഹാരിത കൂടിയാകുന്നു. മാസങ്ങൾക്ക് ശേഷം കളിക്കളത്തിൽ വീണ്ടുമൊരു മെസി മാജിക് കാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. അമേരിക്കൻ ഫുട്‌ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ ആദ്യ മത്സരത്തിലാണ് വീണ്ടുമൊരു മെസി അത്ഭുത നീക്കമെത്തിയത്. റിയൽ സാൾട്ട് ലേക്കിനെതിരായ കളിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്റർ മയാമി വിജയിച്ചിരുന്നു. ഗോൾ നേടാനായില്ലെങ്കിലും അസിസ്റ്റുമായി അർജന്റൈൻ താരം കളം നിറഞ്ഞു.

മത്സരത്തിന്റെ 44ാം മിനിറ്റിലായിരുന്നു മെസിയുടെ മാസ്മരിക നീക്കം. പ്രതിരോധ പിഴവിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ മിയാമി ക്യാപ്റ്റനെ തടയാൻ ബോക്‌സിന് തൊട്ടു മുന്നിൽ റിയൽ സാൾട്ട്‌ലേക്ക് ഡിഫൻഡർ. ഇടതു കാൽകൊണ്ട് പന്ത് നഷ്ടപ്പെടുത്താതെ ദിശമാറ്റി വീണ്ടും പോസ്റ്റ് ലക്ഷ്യമാക്കി മുന്നോട്ട്. എന്നാൽ ബോക്‌സിന് തൊട്ടുപുറത്ത് വീണുകിടക്കുന്ന സാൾട്ട്‌ലേക്ക് താരത്തിന് മുന്നിലേക്കാണ് പന്ത് ഉരുണ്ടെത്തിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിക്കേറ്റു കിടക്കുന്ന താരത്തിന് മുകളിലൂടെ പന്തിനെ പറത്തി ബോക്‌സിലേക്ക് അത്യുഗ്രൻ ഇടം കാലൻ ഷോട്ട്. പ്രതിരോധ താരത്തിന്റെ നിർണായക ബ്ലോക്കിൽ ഗോൾ നിഷേധിക്കപ്പെട്ടെങ്കിലും ആ പ്രകടനം പ്രതിഭയെ അടയാളപ്പെടുത്തുന്നതായി. നിമിഷ നേരങ്ങൾക്കകം വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഫ്രീകിക്കിലൂടെയും എതിരാളികളെ കീറിമുറിച്ചുള്ള പാസുകൾ നൽകിയും വെറ്ററൻ താരം മത്സരത്തിലുടനീളം ആരാധക മനംകവർന്നു. പ്രീസീസൺ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ഇന്റർ മയാമിയുടെ തിരിച്ചുവരവ് കൂടിയായി ലീഗിലെ ആദ്യ മത്സരത്തിലെ മിന്നും ജയം. നേരത്തെ പ്രീ സീസണിൽ ഇറങ്ങിയെങ്കിലും മെസി പ്രതീക്ഷക്കൊത്തുയർന്നിരുന്നില്ല. ഇതോടെ പുതിയസീസണിൽ ഇന്റർ മയാമിയുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റിരുന്നു. മെസിയ്‌ക്കൊപ്പം ലൂയി സുവാരസും മികച്ച പ്രകടനമാണ് നടത്തിയത്. സെർജിയോ ബുസ്‌കെറ്റ്‌സ്, ജോഡി ആൽബ ഉൾപ്പെടെ മുൻ ബാഴ്‌സലോണ താരങ്ങൾ നിലവിൽ ഇന്റർ മയാമിയിലുണ്ട്.

Similar Posts