'അര്‍ജന്‍റീനക്കാര്‍ക്ക്, കുടുംബത്തിന്, മറഡോണക്ക്...' വിജയം സമര്‍പ്പിച്ച് മെസി
|എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമര്‍പ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മെസി പറഞ്ഞു.
കോവിഡിനെതിരെ പോരാടുന്ന അര്‍ജന്‍റീനിയന്‍ ജനതക്കും തന്‍റെ കുടുംബത്തിനും ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കും സമര്‍പ്പിക്കുന്നുവെന്ന് ലയണല്‍ മെസി. കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ മെസി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"കഴിഞ്ഞ കോപ അമേരിക്ക അവിശ്വസനീയമായ ഒരു ടൂര്‍ണമെന്‍റായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് അറിയാം. പക്ഷെ, ടീം അംഗങ്ങള്‍ അവരുടെ മികച്ച പ്രകടനങ്ങള്‍ രാജ്യത്തിനായി കാഴ്ചവെച്ചു. ഈ അതിശയകരമായ ടീമിന്‍റെ നായകനാകാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു." ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മെസി പറഞ്ഞു.
"മുന്നോട്ടുപോകാന്‍ എല്ലാ ശക്തിയും എനിക്ക് നല്‍കിയ എന്‍റെ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഓരോരുത്തര്‍ക്കും, ഈ മഹാമാരി കാലത്തും ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണച്ച 45 മില്യണ്‍ അര്‍ജന്‍റീനക്കാര്‍ക്കും ഈ വിജയം ഞങ്ങള്‍ സമര്‍പ്പിക്കുന്നു." അദ്ദേഹം പറഞ്ഞു.
"എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമര്‍പ്പിക്കുന്നു. ആഘോഷങ്ങള്‍ തുടരുന്നതിനോടൊപ്പം സ്വയം സംരക്ഷിക്കുന്നതും നമുക്ക് തുടരണം. സാധാരണ നിലയിലേക്ക് മടങ്ങാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന കാര്യം മറക്കരുത്. കോവിഡിനെതിരെ പോരാടുന്നതില്‍ ഈ സന്തോഷം വലിയ ഊർജ്ജം നല്‍കും. എന്നെ ഒരു അര്‍ജന്‍റീനക്കാരനാക്കിയതില്‍ ദൈവത്തിന് നന്ദി." കോപ അമേരിക്കയിലെ പ്രധാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.