മെസിയെ ബെയ്ജിങ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു; കുടുങ്ങിക്കിടന്നത് അരമണിക്കൂർ
|അർജന്‍റീന-ആസ്‌ത്രേലിയ സൗഹൃദമത്സരത്തിനായി ചൈനയിലെത്തിയതായിരുന്നു മെസി
ബെയ്ജിങ്: സൂപ്പർ താരം ലയണൽ മെസിയെ ചൈനയിൽ തടഞ്ഞു. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനീസ് പൊലീസ് താരത്തെ തടഞ്ഞുനിർത്തിയത്. ആസ്‌ത്രേലിയയ്‌ക്കെതിരായ അർജന്റീനയുടെ സൗഹൃദമത്സരത്തിനായി ബെയ്ജിങ്ങിലെത്തിയതായിരുന്നു മെസി.
ചൈനീസ് വിസയില്ലാതെ എത്തിയതാണ് പ്രശ്‌നങ്ങൾക്കു കാരണമായത്. ചൈനീസ് വിസയുള്ള അർജന്റീന പാസ്‌പോർട്ട് മെസി കൈയിൽ കരുതിയിരുന്നില്ല. പകരം, വിസയില്ലാത്ത സ്പാനിഷ് പാസ്‌പോർട്ട് ആണ് കൊണ്ടുവന്നിരുന്നത്. ഇതേതുടർന്നാണ് വിമാനത്താവളത്തിൽ ചൈനീസ് ബോർഡർ പൊലീസ് തടഞ്ഞുവച്ചത്.
വിമാനത്താവളത്തിൽ ഇറങ്ങിയ സമയത്ത് സുരക്ഷാ ജീവനക്കാർ പാസ്‌പോർട്ട് പരിശോധിക്കുമ്പോഴായിരുന്നു ചൈനീസ് വിസയില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി പ്രവേശനം തടയുകയായിരുന്നു. തുടർന്ന് അരമണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് അധികൃതർ ഇടപെട്ട് പ്രവേശന വിസ അനുവദിക്കുകയായിരുന്നു. പൊലീസുകാർക്കിടയിൽ പാസ്‌പോർട്ട് പിടിച്ചുനിൽക്കുന്ന മെസിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പി.എസ്.ജി വിട്ട് ഇന്റർ മയാമിയിൽ ചേരുന്നതായുള്ള പ്രഖ്യാപനം വന്ന ശേഷമാണ് മെസി ചൈനയിലെത്തുന്നത്. ജൂൺ 15ന് ബെയ്ജിങ്ങിലെ വർക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് അർജന്റീന-ആസ്‌ത്രേലിയ സൗഹൃദമത്സരം. ഇതിനുശേഷം നാട്ടിൽ ഇന്തോനേഷ്യയുമായും മത്സരമുണ്ട്.
നിലവിൽ ഫ്രീ ഏജന്റായ മെസി ജൂലൈയിലാണ് ഇന്റർ മയാമിക്കൊപ്പം ചേരുകയെന്നാണ് വിവരം.
Summary: Lionel Messi detained by Chinese police at Beijing airport due to passport issues