Football
Lionel Messi

ലയണല്‍ മെസി

Football

'ലോകകപ്പ് നേടിയിട്ടും ക്ലബിന്‍റെ അംഗീകാരം കിട്ടാത്ത ഏക താരം ഞാനാണ്'; പരിഭവം പറഞ്ഞ് മെസി

Web Desk
|
23 Sep 2023 8:05 AM GMT

''കിലിയൻ എംബാപ്പെയുമായി എനിക്കു നല്ല ബന്ധമാണുള്ളത്... പി.എസ്.ജിയിലെ സാഹചര്യം അത്ര നല്ലതായിരുന്നില്ല.''

ന്യൂയോർക്ക്: ലോകകപ്പ് കിരീടം നേടിയിട്ടും മുന്‍ ക്ലബ് പി.എസ്.ജി ആദരിച്ചില്ലെന്ന പരിഭവം പറഞ്ഞ് സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ ക്ലബിന്റെ അംഗീകാരം ലഭിക്കാത്ത ഏക താരമാണു താനെന്ന് അദ്ദേഹം തുറന്നടിച്ചു. ആസ്വദിച്ചു കളിക്കാൻ ആഗ്രഹമുള്ളതിനാൽ വിരമിക്കലിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മെസി വ്യക്തമാക്കി.

സ്പാനിഷ് ലൈവ് സ്ട്രീമിങ് യൂട്യൂബ് ചാനലായ 'ഒൽഗ എൻ വിവോ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''ഫൈനലിൽ ജയിച്ചത് ഞങ്ങളാണ്. ഇത്തവണ ഫ്രാൻസിനു ലോകകപ്പ് ലഭിക്കാതിരിക്കാനുള്ള കാരണവും ഞങ്ങളായിരുന്നു. അത് മനസിലാക്കാവുന്നതാണ്. എന്നാൽ, എന്റെ ബാക്കി 25 സഹതാരങ്ങളിൽനിന്ന് അംഗീകാരം ലഭിക്കാതെ പോയ ഏക താരം ഞാനാണ്. പക്ഷെ, എനിക്കതിനു പ്രശ്‌നമില്ല.''-മെസി പറഞ്ഞു.

പി.എസ്.ജിയിലെ സാഹചര്യം അത്ര നല്ലതായിരുന്നില്ലെന്നും താരം തുറന്നുപറഞ്ഞു. ഞാൻ പ്രതീക്ഷിച്ച പോലെയല്ല അവിടെ നടന്നത്. പക്ഷെ, എല്ലാത്തിനു പിന്നിലും ഓരോ കാരണമുണ്ടാകുമെന്ന് എപ്പോഴും പറയാറുണ്ട് ഞാൻ. ഞാനവിടെ നന്നായി കളിക്കുന്നില്ലെങ്കിലും ലോകചാംപ്യനാകാനുള്ള ഒരു അവസരമായിരുന്നു അത് തുറന്നുതന്നതെന്നും മെസി അഭിപ്രായപ്പെട്ടു. കിലിയൻ എംബാപ്പെയുമായും ടീമിലെ മറ്റു താരങ്ങളുമായെല്ലാം നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

''ചെയ്യുന്നതെല്ലാം ഇഷ്ടപ്പെട്ടു ചെയ്യുന്നയാളാണു ഞാൻ. ആസ്വദിച്ചാണു കളിക്കാറുള്ളത്. ഇപ്പോൾ അതു മറ്റൊരു വഴിക്കായി. അതുകൊണ്ടാണ് മയാമിയിലേക്കു വരാൻ തീരുമാനിച്ചത്. മറ്റെവിടെയും കരിയർ തുടരേണ്ടെന്നും വേറിട്ട രീതിയിൽ അതിനെ അനുഭവിക്കാമെന്നും കരുതി.''

വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ ചെയ്യുന്നത് ആസ്വദിച്ചു തന്നെ തുടരണമെന്ന ആഗ്രഹമുള്ളതിനാൽ അതേക്കുറിച്ച് ചിന്തിക്കാൻ താൽപര്യമില്ല. യൂറോപ്പ് വിട്ട് ഇവിടെ വന്നത് വലിയൊരു തീരുമാനമാണ്. അടുത്തതെന്താകുമെന്ന് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ലയണൽ മെസി കൂട്ടിച്ചേർത്തു.

Summary: ‘I was only World Cup winner who didn’t get recognition from my club’: Lionel Messi

Similar Posts