Football
ഒരു നിമിഷം, സെക്കൻഡുകളുടെ സ്‌പേസ്; അയാൾക്ക് കളി ജയിക്കാൻ അതുമതി
Football

ഒരു നിമിഷം, സെക്കൻഡുകളുടെ സ്‌പേസ്; അയാൾക്ക് കളി ജയിക്കാൻ അതുമതി

എം അബ്ബാസ്‌
|
27 Nov 2022 7:37 AM GMT

പന്തു ലഭിച്ച ശേഷം നാലു ചുവടു മാത്രം മുന്നോട്ടായാനുള്ള സ്‌പേസാണ് മെസ്സിക്കു കിട്ടിയത്. ഗോൾകീപ്പറുടെ വിഷനും പ്രതിരോധത്തിന്റെ പകപ്പും മനസ്സിലാക്കിയെടുക്കാന്‍ ആ സമയം ധാരാളമായിരുന്നു

എൻസോ ഫെർണാണ്ടസ് മറിച്ചു നൽകിയ പന്ത് വലതുപാർശ്വത്തിൽ എയ്ഞ്ചൽ ഡി മരിയ സ്വീകരിക്കുമ്പോൾ പിന്നിൽനിന്ന് ഓവർ ലാപ് ചെയ്തു വരുന്നുണ്ടായിരുന്നു മോണ്ടിയൽ. മുന്നിൽ കൈകെട്ടി പോസ്റ്റിലേക്കുള്ള കാഴ്ച മറച്ചു നിന്ന മെക്‌സിക്കൻ ഡിഫൻഡറുടെ മുമ്പിൽ പതിവു ശൈലിയിൽ ഇടങ്കാലു കൊണ്ട് പന്തൊന്നിളക്കി മരിയ. ഞൊടിയിടയിൽ മൈതാനം സ്‌കാൻ ചെയ്തു. വലതു പാർശ്വത്തിലൂടെ ഓടിക്കയറിയ മോണ്ടിയലിന് പന്തു നൽകി വൈഡ് ആംഗിളിലേക്ക് കളി മാറ്റുന്നതിനേക്കാൾ നല്ലത് പെനാൽറ്റി ആർക്കിന് തൊട്ടു മുമ്പിൽ ഒഴിഞ്ഞു നിൽക്കുന്ന മെസ്സിക്ക് മറിക്കുന്നതാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

പുൽത്തറയിൽ ഒരു ടച്ചെടുത്താണ് മരിയ നൽകിയ പന്ത് മെസ്സിക്ക് മുമ്പിലെത്തിയത്. പന്ത് ഇടങ്കാലു കൊണ്ട് വരുതിയിലാക്കുമ്പോൾ മുന്നിൽ നിന്നും പിന്നിൽ നിന്നും രണ്ട് മെക്‌സിക്കൻ ഡിഫൻഡർമാർ അയാൾക്കു നേരെ ഓടിയടുക്കുന്നു. മുമ്പിൽ മതിലു കെട്ടിയ മൂന്നു പ്രതിരോധക്കാർ. പന്ത് വായുവിലൂടെ വളച്ച് സെക്കൻഡ് പോസ്റ്റ് ഉന്നം വയ്ക്കുന്നതിന് പകരം, രണ്ട് മെക്‌സിക്കൻ ഡിഫൻഡർമാർക്കിടയിലെ ഇഞ്ചുകൾ മാത്രം നീണ്ട സ്‌പേസിലൂടെ, പെനാൽറ്റി ബോക്‌സിന് മുമ്പിൽനിന്ന് അയാൾ ഫസ്റ്റ് പോസ്റ്റിലേക്ക് ഗ്രൗണ്ടറടിക്കുന്നു. പന്തിന് അഭിമുഖമായി തന്നെ നിൽക്കുന്ന മെക്‌സിക്കൻ ഗോൾകീപ്പർ ഒച്ചാവെയ്ക്ക് പ്രതിരോധം മുമ്പിലുള്ളതു കൊണ്ട് കൃത്യമായ വിഷൻ കിട്ടിയില്ല. ശരവേഗത്തിൽ പന്ത് വലയിളക്കി.

മെസ്സി കാലാകാലങ്ങളായി അപാരമായ പ്രഹരശേഷി സൂക്ഷിക്കുന്ന ആ പ്രദേശത്ത് (മെസ്സി ടെറിറ്ററി), മെക്‌സിക്കോ അനുവദിച്ച സ്‌പേസാണ് കളിയുടെ ഗതി മാറ്റിയെഴുതിയത്. പന്തു ലഭിച്ച ശേഷം നാലു ചുവടു മാത്രം മുന്നോട്ടായാനുള്ള സ്‌പേസാണ് മെസ്സിക്കു കിട്ടിയത്. ഗോൾകീപ്പറുടെ വിഷനും പ്രതിരോധത്തിന്റെ പകപ്പും മനസ്സിലാക്കിയെടുക്കാനും ശരവേഗത്തിൽ ഗ്രൗണ്ടറടിക്കാനും ആ സമയം ധാരാളമായിരുന്നു അയാൾക്ക്. 63 മിനിറ്റു വരെ മെസ്സിയെ കെട്ടിപ്പൂട്ടി നിർത്തിയ മെക്‌സിക്കൻ പ്രതിരോധം ഒരു നിമിഷത്തെ ജാഗ്രതക്കുറവിൽ ഇടറിവീണു. മെസ്സിയുടെ മറ്റൊരു മാന്ത്രിക നിമിഷം.

സൗദിക്കെതിരെയുള്ള അപ്രതീക്ഷിത തോൽവിക്ക് ശേഷം ജയത്തിൽ കുറഞ്ഞതൊന്നും അർജന്റൈൻ കോച്ച് സ്‌കലോണിയുടെ മനസ്സിലുണ്ടായിരുന്നില്ല. അതു മുൻകൂട്ടി കണ്ട മെക്‌സിക്കൻ കോച്ച് ജെറാഡോ മാർട്ടിനോ അഞ്ചു പേരെയാണ് പ്രതിരോധത്തിന്റെ ചുമതല മാത്രം നൽകിയത്.



കോച്ചിന്റെ പദ്ധതികൾ ആദ്യ പകുതിയിൽ മെക്‌സിക്കോ നന്നായി നടപ്പാക്കുകയും ചെയ്തു. അർജന്റൈൻ നീക്കങ്ങളെ തുടക്കത്തിലേ കൊന്ന് കളിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയാണ് അവർ ചെയ്തത്. മെസ്സിയിലേക്കും മെസ്സിയിൽ നിന്ന് പുറത്തേക്കുമുള്ള വിതരണം പൂർണമായി വിച്ഛേദിച്ചു. മെസ്സിക്കു മാത്രമല്ല, മധ്യനിരയിലുണ്ടായിരുന്ന റോഡ്രിഗസ്, ഡി പോൾ, ഡി മരിയ, മക് അലിസ്റ്റർ എന്നിവർക്കെല്ലാം സ്‌പേസ് നിഷേധിച്ചു. ഒരു പ്രസ്സിങ് മെഷീൻ പോലെയാണ് മെക്‌സിക്കോ കളത്തിലുണ്ടായിരുന്നത്. ആദ്യ പകുതിയിൽ 15 ഫൗളുകളാണ് ഉണ്ടായത്. ഇതിൽ മിക്കതും മെക്‌സിക്കൻ കളിക്കാരുടേതായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് കളിയിൽ ഉണ്ടായത്. കളിയുടെ വിരസത തെളിയിക്കുന്ന കണക്കായിരുന്നു ഇത്. 87-ാം മിനിറ്റിൽ മനോഹരമായ ഒരു കർവിങ് ഗോളിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. അപ്പോഴേക്കും ഹതാശരായിക്കഴിഞ്ഞിരുന്നു മെക്‌സിക്കോ.

Similar Posts