Football
ഈഫൽ ടവർ ഒരുങ്ങി, മെസ്സി പിഎസ്ജിയിലേക്ക്‌
Football

ഈഫൽ ടവർ ഒരുങ്ങി, മെസ്സി പിഎസ്ജിയിലേക്ക്‌

Sports Desk
|
8 Aug 2021 11:55 AM GMT

മെസ്സിയുടെ വരവ് വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി എന്ന് ഫുട്‌ബോൾ മാധ്യമപ്രവർത്തകൻ ഡീഗോ മോൺറോയിഗ് റിപ്പോർട്ട് ചെയ്യുന്നു

ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി എങ്ങോട്ടു പോകുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണ്, ഒരുപാട് വിളി വരുന്നുണ്ട് എന്നാണ് മെസ്സി ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

മെസ്സിയെ പോലെ ഒരു ഇതിഹാസത്തെ സ്വന്തമാക്കുന്നത് ഏതു ക്ലബിന്റെയും സ്വപ്‌നമാണെങ്കിലും അതിനുള്ള സാമ്പത്തിക ശേഷി ലോകത്തെ ഏതാനും ക്ലബുകൾക്കേ ഉള്ളൂ. ഫ്രഞ്ച് ലീഗിലെ പിഎസ്ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ഇറ്റാലിയൻ ലീഗിലെ ഇന്റർമിലാൻ എന്നീ ക്ലബുകളാണ് പ്രധാനമായും മെസ്സിയെ നോട്ടമിട്ടിരുന്നത്. തന്റെ ബാല്യകാല ക്ലബ്ബായ അർജന്റീനയുടെ നെവെൽസ് ഓൾഡ് ബോയ്‌സിലേക്ക് താരം മടങ്ങുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി മെസ്സിയെ വാങ്ങാൻ സാധ്യതയില്ല. കോച്ച് പെപ് ഗ്വാർഡിയോള മെസ്സിയോടുള്ള താത്പര്യം നേരത്തെ തന്നെ അറിയിച്ചതാണ് എങ്കിലും കഴിഞ്ഞ ദിവസമാണ് ക്ലബ് ഇംഗ്ലീഷ് മിഡ്ഫീൽഡർ ജാക് ഗ്രീലിഷിനെ ആസ്റ്റൺ വില്ലയിൽ നിന്ന് വാങ്ങിയത്. നൂറു ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. മെസ്സിയെ സ്വന്തമാക്കുകയാണ് എങ്കില്‍ ഇതിന്റെ ഇരട്ടിയിലേറെ പണം മുടക്കണം. ഇത്രയും പണം മുടക്കാൻ ക്ലബ് തയ്യാറാകില്ല. ടോട്ടൻഹാമിൽ നിന്ന് ഹാരി കെയ്‌നെ സ്‌ട്രൈക്കറായി ടീമിലെത്തിക്കനാണ് ഇപ്പോൾ ക്ലബ് ശ്രമിക്കുന്നത്. മെസ്സി ഇപ്പോൾ ക്ലബിന്റെ ചിന്തയിലില്ലെന്ന് ഗ്വാർഡിയോള വ്യക്തമാക്കുകയും ചെയ്തിരുന്നു.

മെസ്സിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുള്ള യുണൈറ്റഡ് ഈ സീസണിൽ ജഡോൻ സാഞ്ചോ, റഫേൽ വരാനെ തുടങ്ങിയ വൻ സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്. മെസ്സിക്ക് മുമ്പിൽ യുണൈറ്റഡ് ചോയ്‌സല്ലെന്നാണ് റിപ്പോർട്ട്.ഇറ്റാലിയൻ ലീഗിലേക്ക് മെസ്സി പോകാനുള്ള സാധ്യതയും വിരളം. ഇന്ററിന് നേരത്തെ താരത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ ശ്രമം നടത്തുന്നില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്. നെവെൽസ് ഓൾഡ് ബോയ്‌സ് താരത്തിന്‍റെ വൈകാരികമായ തെരഞ്ഞെടുപ്പ് മാത്രമായിരിക്കും.

ഈ സാഹചര്യത്തിലാണ് 34കാരൻ പിഎസ്ജിയിലേക്ക് തന്നെ പോകുമെന്ന് വിലയിരുത്തപ്പെടുന്നത്. ഖത്തർ സർക്കാർ നേരിട്ട് പണമിറക്കുന്ന ക്ലബിന് മെസ്സിയെ കിട്ടണമെന്ന മോഹവും അതിശക്തമാണ്. അടുത്ത വർഷം ലോകകപ്പ് വരുന്ന സാഹചര്യത്തിൽ താരവുമായുള്ള കരാർ മുതൽക്കൂട്ടാകും എന്നാണ് ഖത്തറിന്റെ നിലപാട്. ഇതിനായി എത്ര പണവും മുടക്കാമെന്ന നിലപാടിലാണ് ക്ലബ് മാനേജ്‌മെന്റ്. പിഎസ്ജി സ്‌പോട്ടിങ് ഡയറക്ടർ ലിയണാർഡോയും ചെയർമാൻ നാസർ അൽ ഖലീഫയുമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ സെർജിയോ റാമോസ്, ഡോണറുമ്മ, വൈനാൾഡം തുടങ്ങിയ വലിയ താരനിരയെ തന്നെ പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്. ഒരു കാശുപോലും കൊടുക്കാതെ ഫ്രീ ട്രാൻസ്ഫറിലാണ് ഇവരെ ക്ലബ് ടീമിലെത്തിച്ചത് എന്നതാണ് ഏറെ കൗതുകകരം. ഇതിന് പുറമേ, സ്ട്രാസ്ബർഗിൽ നിന്ന് അഷ്‌റഫ് ഹാകിമിയെ 70 ദശലക്ഷം യൂറോ നൽകി ക്ലബ് വാങ്ങിയിട്ടുണ്ട്. സ്റ്റാർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ കോൺട്രാക്ട് നീട്ടാനും പിഎസ്ജി തീരുമാനമെടുത്തിട്ടുണ്ട്.

ഈഫൽ ടവർ ബുക്ക് ചെയ്തു

മെസ്സിയുടെ വരവ് വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി എന്ന് ഫുട്‌ബോൾ മാധ്യമപ്രവർത്തകൻ ഡീഗോ മോൺറോയിഗ് റിപ്പോർട്ട് ചെയ്യുന്നു. ഈഫൽ ടവർ അലങ്കരിക്കാനാണ് പദ്ധതി. 2017ൽ ബ്രസീൽ താരം നെയ്മർ ടീമിലെത്തിയപ്പോഴും ഇതേ തരത്തിൽ പിഎസ്ജി ആഘോഷിച്ചിരുന്നു.

ഞായറാഴ്ച രാത്രി മെസ്സി പാരിസിൽ മെഡിക്കൽ ടെസ്റ്റിന് വിധേയമാകുമെന്ന് ഫ്രഞ്ച് പത്രമായ എൽ എക്വിപെ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയുമായി രണ്ടു വർഷത്തെ കരാണ് പിഎസ്ജി ഉണ്ടാക്കുകയെന്ന് സ്‌കൈ സ്‌പോർട്‌സ് പറയുന്നു. വർഷം 25 ദശലക്ഷം പൗണ്ട് ആയിരിക്കും പ്രതിഫലം.

Similar Posts