ബാഴ്‌സയിലേക്ക് അല്ല: മെസി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക്?
|അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണ കൂടി മിയാമി കരാറില്‍ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ
ബ്യൂണസ്‌ഐറിസ്: അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കെന്ന് പുതിയ റിപ്പോർട്ടുകൾ. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെ മെസിയുടെ അടുത്ത ക്ലബ്ബ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും അമേരിക്കയിലേക്കെന്നാണ് പുതിയ റിപ്പോർട്ടുകൾ. അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി മിയാമി കരാറില്‍ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സ്പാനിഷ് പത്രപ്രവർത്തകൻ ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാൽ, പഴയതട്ടകമായ ബാഴ്‌സലോണ എന്നീ ക്ലബ്ബുകളെ ചുറ്റിപ്പറ്റിയായിരുന്നു മെസിയുടെ അടുത്ത ക്ലബ്ബ് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നത്. തുടക്കത്തിൽ ഇന്റർമിയാമിയും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ചിത്രത്തിലില്ലാതായി. റെക്കോർഡ് തുകയാണ് സൗദി ക്ലബ്ബ് മെസിക്ക് മുന്നിൽ വെച്ചത്. എന്നാൽ താരത്തിന് പശ്ചിമേഷ്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന റിപ്പോർട്ടുകൾ വന്നു. പിന്നാലെ ആദ്യ ക്ലബ്ബായ ബാഴ്‌സയിലേക്ക് തന്നെ മടങ്ങിവരുമെന്നായി.
മെസിയുടെ പിതാവ് ബാഴ്‌സലോണ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായിരുന്നു. മെസിയെ തിരികെ എത്തിക്കുന്നതിനുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ലാലീഗ നീക്കിയതായും റിപ്പോർട്ടുകൾ വന്നു. ഇതിനിടിയിലാണ് മെസി ഇന്റർമിയാമിയിലേക്കെന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം പുതിയ ക്ലബ്ബ് സംബന്ധിച്ച് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.