ഒറ്റക്ക് പരിശീലനം നടത്തി മെസി; ആശങ്കപ്പെടാനുണ്ടോ?
|വെള്ളിയാഴ്ച ഖത്തർ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ മറ്റു താരങ്ങൾ പരിശീലനം നടത്തിയപ്പോൾ മെസി വിട്ടു നിന്നിരുന്നു, ലോകകപ്പിനായി ഖത്തറിലെത്തിയ ശേഷം മെസി ടീമിനൊപ്പം ഇതുവരെ പരിശീലനത്തിനിറങ്ങിയിട്ടില്ല.
ദോഹ: ലോകകപ്പ് ഫുടോബോളിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇഞ്ചുറിപ്പേടിയിലാണ് പല വമ്പൻ ടീമുകളും. നിലവിലെ ബാലൻദ്യോർ ജേതാവും ഫ്രാൻസിന്‍റെ കുന്തമുനയുമായ കരീം ബെൻസേമ പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് ശേഷം പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. നേരത്തേ ക്രിസ്റ്റഫർ എൻകുൻകുവും പുറത്തായിരുന്നു.
അത് പോലെ ആശങ്കയുണർത്തുന്നൊരു വാർത്തയാണിപ്പോൾ അർജന്‍റീന ക്യാമ്പിൽ നിന്ന് കേൾക്കുന്നത്. സൂപ്പർ താരം ലയണൽ മെസി സഹതാരങ്ങളില്‍ നിന്ന് മാറി ഒറ്റക്ക് പരിശീലനം നടത്തുന്നുവെന്ന വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഖത്തർ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ മറ്റു താരങ്ങൾ പരിശീലനം നടത്തിയപ്പോൾ മെസി വിട്ടു നിന്നിരുന്നു. ലോകകപ്പിനായി ഖത്തറിലെത്തിയ ശേഷം മെസി ടീമിനൊപ്പം ഇതുവരെ പരിശീലനത്തിനിറങ്ങിയിട്ടില്ല.
ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് കളിക്കുന്നതിനിടെ കാൽക്കുഴക്കേറ്റ പരിക്കു കാരണം ലോറിയന്‍റിനെതിരെ മെസി ലീഗ് മത്സരം കളിച്ചിരുന്നില്ല. തുടർന്ന് ലോകകപ്പിനായി ഖത്തറിലെത്തിയ താരം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. അതാകട്ടെ, കേവലം വ്യായാമത്തിലൊതുങ്ങി.
വെള്ളിയാഴ്ച ടീം പരിശീലനത്തിനിറങ്ങി 10 മിനിറ്റിനുശേഷം മെസ്സി ഒറ്റക്ക് ഗ്രൗണ്ടിലെത്തുകയായിരുന്നു. എന്നാൽ, ഗുരുതര പ്രശ്നങ്ങളില്ലെന്നും സൗദി അറേബ്യക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മെസി കളിക്കുമെന്നുമാണ് അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ നൽകുന്ന സൂചന. മുൻകരുതലിന്റെ ഭാഗമായാണ് മെസ്സി പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ഫെഡറേഷൻ വൃത്തങ്ങൾ വിശദീകരിക്കുന്നു.