Football
Lionel Messi
Football

'ഇപ്പോൾ തന്നെ നേരം വൈകി. മക്കളേ, ഇനി പോയി ഉറങ്ങൂ'; ഫിഫ വേദിയിൽ ഹൃദയം കവർന്ന് മെസ്സിയുടെ പ്രസംഗം

Web Desk
|
1 March 2023 7:19 AM GMT

"ലോകകപ്പ് നേടുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരുപാടു പേരുടെ സ്വപ്‌നമാണത്. കുറച്ചുപേർക്കേ അത് നേടാനാകൂ. ദൈവത്തിന് നന്ദി"

പാരിസ്: ഫിഫ ദ് ബെസ്റ്റ് പുരസ്‌കാര വേദിയിൽ ആരാധകഹൃദയം കവർന്ന് ലയണൽ മെസ്സിയുടെ പ്രസംഗം. തനിക്ക് ലഭിച്ച പുരസ്കാരം തന്റെ മാത്രം നേട്ടമല്ലെന്നും സഹതാരങ്ങൾ, കുടുംബം തുടങ്ങി എല്ലാവർക്കും അതിൽ പങ്കുണ്ടെന്നും മെസ്സി പറഞ്ഞു. അർജന്റൈൻ ദേശീയ കോച്ച് ലയണൽ സ്‌കലോണി, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞ അദ്ദേഹം എംബാപ്പെയെയും ബെന്‍സേമയെയും പരാമര്‍ശിച്ചു. പുരസ്കാരച്ചടങ്ങ് വീക്ഷിക്കുന്നതിനായി വേണ്ടി മക്കൾ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞ മെസ്സി, ഇനി ഉറങ്ങാൻ പോകൂ എന്ന് മക്കളോട് ഉപദേശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

പ്രസംഗത്തിന്റെ സംക്ഷിത രൂപം;

'കിലിയൻ (എംബാപ്പെ) ബെൻസെമ (അദ്ദേഹം ഇവിടെ ഇല്ലെന്ന് തോന്നുന്നു) എന്നിവർക്കൊപ്പം ഇവിടെ ഒരിക്കൽക്കൂടി വന്നുനിൽക്കാനായതിൽ സന്തോഷം. രണ്ടു പേർക്കും ഇത് മഹത്തായ വർഷമായിരുന്നു. എന്നെ സംബന്ധിച്ച് ഇത് ആദരമാണ്. എന്റെ കോച്ച് സ്‌കലോണി, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അടക്കം എന്റെ സഹതാരങ്ങൾക്കെല്ലാം നന്ദി. അവരില്ലെങ്കിൽ ഞങ്ങളിവിടെ ഉണ്ടാകുമായിരുന്നില്ല. നേട്ടത്തിൽ അവരുടെ പങ്ക് അംഗീകരിക്കപ്പെടുന്നു. എന്നെ സംബന്ധിച്ച് ഉന്മാദമായ വർഷമായിരുന്നു ഇത്. ഒരുപാട് പോരാട്ടങ്ങൾക്കും ജയിക്കാനുള്ള ദൃഢനിശ്ചയത്തിനും ശേഷം ഞാനെന്റെ സ്വപ്‌നം കൈപ്പിടിയിലൊതുക്കി. ലോകകപ്പ് നേടുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരുപാടു പേരുടെ സ്വപ്‌നമാണത്. എന്നാൽ കുറച്ചുപേർക്കേ അത് ജയിച്ചടക്കാനാകൂ. ദൈവത്തിന് നന്ദി. അവസാനം, ഞാനെന്റെ കുടുംബത്തിന് നന്ദി പറയുന്നു. എല്ലാ അർജന്റീനക്കാർക്കും നന്ദിയറിയിക്കുന്നു. മനോഹരവും സവിശേഷവുമായ ആ മാസം നമ്മുടെ ഓർമയിൽ തങ്ങിനിൽക്കും. അതിൽ കൂടുതലൊന്നുമില്ല. ഈ ചടങ്ങ് ടിവിയിൽ കണ്ടു കൊണ്ടിരിക്കുന്ന എന്റെ കുട്ടികൾക്ക് എന്റെ ഉമ്മകൾ. തിയാഗോ, മാതിയോ, സീറോ, ഐ ലവ് യൂ. പോയി ഉറങ്ങൂ. ഇപ്പോൾ തന്നെ നേരം വൈകി. എല്ലാവർക്കും നന്ദി.'



ഖത്തറിൽ നടന്ന 2022 ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതാണ് മെസ്സിയെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരിം ബെൻസെമ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റൈൻ പരിശീലകൻ ലയണൽ സ്‌കലോണി. മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന വിശ്വകിരീടം സ്വന്തമാക്കിയത്.

ഏഴു കളികളിൽനിന്ന് ഏഴു ഗോളും മൂന്ന് അസിസ്റ്റുമായി ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മെസ്സിയായിരുന്നു. 2016ൽ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം അവതരിപ്പിച്ച ശേഷം ഇതു രണ്ടാം തവണയാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കുന്നത്. 2019ലായിരുന്നു ആദ്യ നേട്ടം.





Similar Posts