മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമോ? സാവിയുടെ മറുപടി
|അടുത്ത സീസണിൽ മെസിയെ തിരികെ എത്തിക്കാൻ ബാഴ്‌സലോണ ഇപ്പോഴേ ശ്രമം തുടങ്ങിയെന്നാണ് വിവരം. പിഎസ്ജിയുമായുള്ള മെസിയുടെ കാരാർ അടുത്ത സീസണിൽ അവസാനിക്കും
ലയണൽ മെസിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചു വരവ് സൂചനകൾ കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രെസിഡന്റ് ലപോർട നൽകിയതിന് പിറകെ വിഷയത്തിൽ പ്രതികരിച്ച് ക്ലബ്ബിന്റെ പരിശീലകൻ സാവി ഹെർണാണ്ടസും. മെസിയുടെ ബാഴ്സയിലെ കാലം അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവന്റസുമായുള്ള പ്രീ സീസൺ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹത്തിന് നിലവിൽ പിഎസ്ജിയിൽ കരാർ ബാക്കിയുണ്ട്. ' മെസിയെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നും സാവി കൂട്ടിച്ചേർത്തു. അതേ സമയം ലപോർട കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് സാവിയും യോജിച്ചു. മെസിയുടെ ബാഴ്സയിലെ കാലം അവസാനിച്ചിട്ടില്ല എന്നായിരുന്നു ലപോർട പറഞ്ഞത്. പ്രെസിഡന്റിന്റെ വാക്കുകൾ തന്നെ ആവർത്തിച്ച സാവി, താനും വിശ്വസിക്കുന്നത് മെസിയുടെ ബാഴ്സയിലെ കാലം അവസാനിച്ചിട്ടില്ലെന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ലപോർടയുടെ വാക്കുകൾ ആരാധകർക്ക് മെസി തിരിച്ചു ബാഴ്സയിലേക്ക് എത്തിയെക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു. ഇഎസ്പിഎൻ നൽകുന്ന സൂചനകൾ അനുസരിച്ച് മെസി ഒരിക്കൽ കൂടി ബാർസയുടെ കുപ്പായമണിഞ്ഞേക്കും. അടുത്ത സീസണിൽ മെസിയെ തിരികെ എത്തിക്കാൻ ബാഴ്‌സലോണ ഇപ്പോഴേ ശ്രമം തുടങ്ങിയെന്നാണ് വിവരം. പിഎസ്ജിയുമായുള്ള മെസിയുടെ കാരാർ അടുത്ത സീസണിൽ അവസാനിക്കും. 35 കാരനായ മെസിക്ക് ഇതേ ഫോമിൽ ഇനിയും ഏറെ സീസണുകളിൽ കളിക്കാനാവും. രണ്ട് പതിറ്റാണ്ട് കളിച്ച ക്ലബ്ബിൽ തന്നെ മെസിക്ക് വിരമിക്കലിനുള്ള അവസരം ഒരുക്കാനാണ് നീക്കമെന്നും സൂചനകളുണ്ട്.
സാമ്പത്തികപ്രതിസന്ധികളെ തുടർന്നാണ് കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ മെസിയെ ഒഴിവാക്കിയത്. 2023 വരെ നീണ്ടു നിൽക്കുന്ന കരാറിൽ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു.