Football
മെസ്സീ, ആ പാവം ഗ്വാർഡിയോളിനോട് ഇങ്ങനെ ഒക്കെ ചെയ്യാവോ!
Football

മെസ്സീ, ആ പാവം ഗ്വാർഡിയോളിനോട് ഇങ്ങനെ ഒക്കെ ചെയ്യാവോ!

Web Desk
|
14 Dec 2022 8:11 AM GMT

പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ നോട്ടമിട്ട താരമാണ് ജോസ്കോ ഗ്വാർഡിയോള്‍

ലോകകപ്പിൽ അർജന്റീന-ക്രൊയേഷ്യ സെമി ഫൈനലിലെ എഴുപതാം മിനിറ്റ്. ക്രൊയേഷ്യൻ ഹാഫിലെ ടച്ച് ലൈനിന് അരികിൽ ലയണൽ മെസ്സിക്ക് പന്തു കിട്ടുമ്പോൾ തൊട്ടടുത്തുണ്ടായിരുന്നു എതിര്‍ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ. പന്തുമായി മെസ്സി ബോക്‌സിലേക്ക് കുതിക്കുന്നതിനിടെ ആദ്യം പിന്നിലായെങ്കിലും പിന്നീട് അർജന്റീനൻ നായകനെ എത്തിപ്പിടിച്ചു ഗ്വാഡിയോൾ. അപകടം മണത്ത ക്രൊയേഷ്യയുടെ രണ്ട് ഡിഫന്‍ഡര്‍മാര്‍ പെനാൽറ്റി ബോക്‌സിന് മുമ്പിൽ ഗാർഡെടുത്തു.



ബോക്സിന് അരികില്‍ പന്തുമായുള്ള കുതിപ്പ് തെല്ലിട നിർത്തി വീണ്ടും മുമ്പോട്ടുപോയി മെസ്സി. വിട്ടുകൊടുക്കാതെ ഗ്വാർഡിയോളും. സ്വന്തം ഹാഫിലേക്ക് തിരിഞ്ഞു നിന്ന് പന്ത് വരുതിയിൽ നിർത്തിയ മെസ്സി ഞൊടിയിട കൊണ്ട് വെട്ടിത്തിരിഞ്ഞു. ശരീരം കൊണ്ട് നേരിടാൻ നോക്കിയ പ്രതിരോധ ഭടനെ മറികടന്ന്, തൊട്ടുമുമ്പിൽ ഫ്രീ ആയി നിന്നിരുന്ന ജൂലിയൻ അൽവാരസിന് മെസ്സി പന്തു മറിച്ചു. ഒരു തളികയിലെന്ന പോലെ കിട്ടിയ പന്ത് ബോക്‌സിലേക്ക് തട്ടിയിടേണ്ട ജോലിയേ അൽവാരസിന് ഉണ്ടായുള്ളൂ. ഗോൾകീപ്പർ ലിവാകോവിച്ച് അടക്കം ബോക്‌സിലുണ്ടായിരുന്ന ഏഴു പ്രതിരോധ താരങ്ങളെ സ്തബ്ധമാക്കിയ ഗോൾ. അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച അസിസ്റ്റായിരുന്നു അത്. അത് ലക്ഷ്യത്തിലെത്തിക്കാനായി മെസ്സി മറകടന്നത് ആധുനിക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ യുവ പ്രതിരോധ താരത്തെയും. 20 വയസ്സു മാത്രം പ്രായമുള്ള ഗ്വാർഡിയോളിനെയാണ് 35 കാരനായ മെസ്സി വേഗം കൊണ്ടും പ്രതിഭ കൊണ്ടും ഇല്ലാതാക്കിയത്.



ബുണ്ടസ് ലീഗയിൽ ആർബി ലീപ്‌സിഗിന് കളിക്കുന്ന താരമാണ് ഗ്വുർഡിയോൾ. മെസ്സിയുമായി മുഖാമുഖം വരുന്നതിന് മുമ്പ് ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സെന്റർ ബാക്ക്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ വമ്പൻ ക്ലബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ട്. നൂറു മില്യൺ യൂറോ വരെ ചെലവഴിക്കാൻ സിറ്റി സന്നദ്ധമാണ് എന്നാണ് റിപ്പോർട്ട്. ഗ്വാർഡിയോളിന്റെ വില ഒറ്റയടിക്ക് മുപ്പത് മില്യൺ കുറയ്ക്കാൻ മെസ്സിക്കായി എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ട്രോൾ.

ഏകപക്ഷീയമായ മൂന്നു ഗോളിനാണ് സെമിയിൽ അർജന്റീന ക്രൊയേഷ്യയെ കീഴടക്കിയത്. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ മൂന്നാം ഗോളടിച്ചു. മെസ്സി നൽകിയ കണ്ണഞ്ചിപ്പിക്കുന്ന പാസിൽ നിന്നായിരുന്നു ഗോൾ.

ഇന്ന് രാത്രി നടക്കുന്ന ഫ്രാൻസ്-മൊറോക്കോ സെമി ഫൈനലിലെ വിജയികൾ കലാശപ്പോരിൽ അർജന്റീനയെ നേരിടും. ഡിസംബർ 18നാണ് ഫൈനൽ.

Similar Posts