Football
ഇതിഹാസ താരത്തോടുള്ള ആദരം: മെസിക്കൊപ്പം പത്താംനമ്പർ ജേഴ്‌സിയും കളമൊഴിയും
Football

ഇതിഹാസ താരത്തോടുള്ള ആദരം: മെസിക്കൊപ്പം പത്താംനമ്പർ ജേഴ്‌സിയും കളമൊഴിയും

Web Desk
|
2 Jan 2024 6:50 AM GMT

36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കിരീടം സ്വന്തമാക്കിയിരുന്നു.

ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ലയണൽ മെസിയോടുള്ള ആദര സൂചകമായി പത്താംനമ്പർ ജേഴ്‌സി അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷൻ പിൻവലിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 'മെസി ദേശീയ ടീമിൽ നിന്ന് വിരമിക്കുമ്പോൾ, അദ്ദേഹത്തിന് ശേഷം മറ്റാർക്കും പത്താം നമ്പർ നൽകാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായി പത്താം നമ്പർ ജേഴ്സിയും വിരമിക്കും. മെസിക്ക് വേണ്ടി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്' ക്ലോഡിയോ ടാപിയ പറഞ്ഞു.



36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കിരീടം സ്വന്തമാക്കിയിരുന്നു. 2021 ബ്രസീലിനെ കീഴടക്കി കോപ്പ അമേരിക്ക ട്രോഫിയും മെസിയും സംഘവും സ്വന്തമാക്കിയിരുന്നു. ഇതിഹാസതാരം ഡിയേഗോ മറഡോണ ധരിച്ചതും ഐക്കോണിക് പത്താം നമ്പർ ജേഴ്സിയായിരുന്നു. 2002ൽ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി പിൻവലിക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ ലോകകപ്പിൽ എല്ലാ ടീമുകളും ഒന്ന് മുതൽ 23 വരെയുള്ള നമ്പർ ജേഴ്സികൾ ധരിച്ചിരിക്കണമെന്ന ഫിഫയടെ നിയമം നിലനിന്നതിനാൽ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അർജന്റീനൻ ജെഴ്‌സിയിൽ 180 മത്സരങ്ങൾ കളിച്ച മെസി 106 ഗോളുകളും സ്‌കോർ ചെയ്തിട്ടുണ്ട്. ഈവർഷം ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും മെസിക്ക് കീഴിലാകും ടീം ഇറങ്ങുക.

Related Tags :
Similar Posts