Football
മെസ്സിയുടെ വാമോസ് അർജന്റീന ചിത്രത്തിന് കിട്ടിയത് രണ്ടു കോടി ലൈക്ക്!
Football

മെസ്സിയുടെ വാമോസ് അർജന്റീന ചിത്രത്തിന് കിട്ടിയത് രണ്ടു കോടി ലൈക്ക്!

Web Desk
|
17 July 2021 3:57 PM GMT

ഇൻസ്റ്റഗ്രാമിൽ 233 ദശലക്ഷം പേരാണ് മെസ്സിയെ ഫോളോ ചെയ്യുന്നത്.

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആഘോഷം ആരും മറന്നു കാണില്ല. ഫുട്‌ബോൾ ജീവിതത്തിൽ ഒരു അന്താരാഷ്ട്ര കിരീടം പോലുമില്ല എന്ന പോരായ്മക്കാണ് മെസ്സി ഇതോടെ അറുതി വരുത്തിയത്. ഫൈനലിന് ശേഷം താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഇതിലൊരു ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാം കീഴടക്കുകയാണ്. ഡ്രസ്സിങ് റൂമിൽ മെസ്സി കിരീടം പിടിച്ചു നിൽക്കുന്ന ചിത്രം ഇതുവരെ (ശനി വൈകിട്ട് എട്ടു മണി) 19,905,240 ലൈക്കാണ് വാരിക്കൂട്ടിയത്. ഇൻസ്റ്റയിൽ ഏതെങ്കിലും ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതൽ ലൈക്കാണിത്. ആറു ദിവസം മുമ്പാണ് തന്റെ ഔദ്യോഗിക അക്കൗണ്ടിൽ മെസ്സി മാരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള ഈ ചിതം പങ്കുവച്ചത്. വാമോസ് അർജന്റീന എന്ന ഹാഷ് ടാഗോടെയാണ് ചിത്രം.

View this post on Instagram

A post shared by Leo Messi (@leomessi)


ഇൻസ്റ്റഗ്രാമിൽ 233 ദശലക്ഷം പേരാണ് മെസ്സിയെ ഫോളോ ചെയ്യുന്നത്. മെസ്സി ഫോളോ ചെയ്യുന്നത് 277 പേരെയും. ഇൻസ്റ്റയിലെ വരുമാനത്തിൽ ആഗോള തലത്തിൽ എട്ടാമനാണ് മെസ്സി. ഒരു സ്‌പോൺസേഡ് പോസ്റ്റിന് മെസ്സിക്ക് 8.66 കോടി രൂപയാണ് ലഭിക്കുന്നത്. ഇക്കാര്യത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുമ്പിൽ. ഒരു പോസ്റ്റിന് 1.6 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 11.9 കോടി രൂപ) ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നത്.

കോപ്പയിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന കിരീടം നേടിയത്. 28 വർഷത്തിന് ശേഷമായിരുന്നു അർജന്റീനയുടെ അന്താരാഷ്ട്ര കിരീട നേട്ടം.

മെസ്സി ബാഴ്‌സയിൽ തന്നെ

അതിനിടെ, മെസ്സിയുടെ ക്ലബ് മാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി. ബാഴ്സലോണയിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം. പ്രതിഫലം പകുതിയായി കുറച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അഞ്ച് വർഷത്തേക്കാണ് പുതിയ കരാറെന്നാണ് റിപ്പോർട്ടുകൾ. ജൂൺ അവസാനത്തോടെ ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിലിള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു.

നിലവിലെ പ്രതിഫലം വെട്ടിക്കുറയ്ക്കാതെ പുതിയ കരാർ സാധ്യമല്ലെന്ന് ലാലീഗ അധികൃതർ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു കൊണ്ട് മെസ്സിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചിരിക്കുകയാണ്. മെസ്സിയുടെ കരാർ ലാലിഗ അംഗീകരിച്ചതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. മെസ്സിയുമായുള്ള കരാർ കാലാവധിക്കു മുമ്പേ പുതുക്കുന്നതിൽ ബാഴ്സലോണ പരാജയപ്പെട്ടതോടെ ഇതിഹാസതാരം ഫ്രീ ഏജന്റായിരുന്നു.

ഒരു ക്ലബ്ബിലും അംഗമല്ല എന്നതുമാത്രമല്ല, ബാഴ്സയുമായുള്ള അവസാന കരാർ വെച്ചു നോക്കുമ്പോൾ വൻ സാമ്പത്തിക നഷ്ടവും താരം നേരിട്ടിരുന്നു. പ്രതിദിനം ഒരുലക്ഷം യൂറോ (88 ലക്ഷം രൂപ) ആണ് പ്രതിഫല ഇനത്തിൽ മാത്രം മെസ്സിയുടെ നഷ്ടം; അതായത്, ഓരോ മണിക്കൂറിലും 3.6 ലക്ഷം! 2005 ജൂൺ 24 അഥവാ 18-ാം ജന്മദിനത്തിലാണ് മെസ്സി ബാഴ്സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെക്കുന്നത്. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കുകയായിരുന്നു.

Similar Posts