'സൗദിക്ക് ഇത്ര പച്ചപ്പുണ്ടെന്ന് ആരാണ് കരുതിയത്'; ബാഴ്‌സ ഫാൻസിന് തലവേദനയായി മെസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
|സൗദി ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയായ മെസി രാജ്യത്തെ ക്ലബിലേക്ക് നീങ്ങുന്നതായി വാർത്തയുണ്ടായിരുന്നു
ലയണൽ മെസി ടീമിലെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ബാഴ്‌സലോണ, ഇൻറർ മിയാമി ആരാധാകർക്ക് തലവേദനയായി ലയണൽ മെസിയുടെ സൗദി അറേബ്യൻ സ്‌പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റ്. സൗദിയുടെ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചാണ് പാരിസ് സെൻറ് ജെർമെയ്‌നിൽ കരാർ പുതുക്കാതിരിക്കുന്ന താരത്തിന്റെ പോസ്റ്റ്.
'സൗദിക്ക് ഇത്ര പച്ചപ്പുണ്ടെന്ന് ആരാണ് കരുതിയത് എനിക്ക് കഴിയുമ്പോഴെല്ലാം അവിടുത്തെ അപ്രതീക്ഷിത അത്ഭുതങ്ങൾ ആസ്വദിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. #വിസിറ്റ്‌സൗദി' എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സൗദി ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയാണ് മെസി.
മെസി സൗദി ക്ലബിലേക്ക് നീങ്ങുന്നതായി സമീപ മാസങ്ങളിൽ വാർത്തയുണ്ടായിരുന്നു. മെസിയുടെ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസ്‌റിൽ ചേർന്നതോടെയാണ് വാർത്തകൾ വർധിച്ചത്. അൽനസ്റിന്റെ ബദ്ധവൈരികളായ അൽഹിലാലിൽ താരമെത്തുമെന്നായിരുന്നു വാർത്ത.
പി.എസ്.ജിയിൽ നിന്നിറങ്ങുന്ന മെസിയെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്ന ബാഴ്‌സലോണയുടെയും ഇൻറർമിയാമിയുടെയും ആരാധകർക്കാണ് മെസിയുടെ പുതിയ പോസ്റ്റ് തലവേദനയാകുക. മെസിയെ ക്യാമ്പ് നൗവിൽ തിരിച്ചെത്തിക്കാൻ 35കാരനായ താരവുമായി ചർച്ച നടത്തിയതായി ബാഴ്‌സ കോച്ച് സാവി വ്യക്തമാക്കിയിരുന്നു. ഇൻറർമിയാമി ഉടമ ഡേവിഡ് ബെക്കാം ഈ ആഴ്ച പാരീസിൽ വെച്ച് മെസിയെ കണ്ടിരുന്നു. ലീഗ് വണിൽ ലോറിൻറിനെതിരെയാണ് മെസിയുടെ പി.എസ്.ജി അടുത്തതായി കളിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.35നാണ് മത്സരം.
മെസിയെ നോട്ടമിട്ട് പല ക്ലബുകൾ...
മെസിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമാകാത്ത പല ക്ലബ്ബുകളും യൂറോപ്പിലുണ്ട്. എന്നാൽ ശമ്പളത്തിനു പുറമെ താരത്തെ ഉപയോഗിക്കാൻ കഴിയുന്ന പദ്ധതിയും ടീമുകൾക്ക് വേണം. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുന്ന ടീം സ്‌ക്വാഡ് എന്തായാലും ക്ലബ്ബുകൾക്ക് ഉണ്ടാകേണ്ടകതുണ്ട്. ഇത്തരം സാഹചര്യത്തിൽ ബാഴ്‌സലോണയെല്ലാതെ മെസി പോകാനിടയുളള ക്ലബ്ബുകൾ ഏതെല്ലാമായിരിക്കും
മാഞ്ചസ്റ്റർ സിറ്റി
മെസി സ്പാനിഷ് ടീമിലേക്ക് തിരികെ പോയില്ലെങ്കിൽ അടുത്ത സാധ്യത പെപ് ഗ്വാർഡിയോള പരിശീലകനായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കാറാനാണ്. ഗ്വാർഡിയോളയാണ് മെസിയുടെ യഥാർത്ഥ കഴിവിനെ പുറത്തെടുത്ത് ഇതിഹാസ പദവിയിലേക്ക് ഉയർത്തുന്നത്.
പക്ഷെ മെസിയെ ടീമിൽ എത്തിച്ചാൽ മാഞ്ചസ്റ്റർ സിറ്റി പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പ്രധാനമായി, എർലിംഗ് ഹാളണ്ടിനെ ലക്ഷ്യമാക്കിയുള്ള ഒരു സംവിധാനത്തിൽ മെസിയെ എവിടെ കളിപ്പിക്കും. ഇൽകെ ഗുണ്ടോഗനും ബെർണാഡോ സിൽവയും ഈ വേനൽക്കാലത്ത് ടീം വിടാൻ സാധ്യതയുണ്ടെങ്കിലും മെസി രണ്ടുപേർക്കും സമാനമായ പകരക്കാരനല്ല. എന്നിരുന്നാലും ഫുട്‌ബോൾ കളിയിലെ ചാണക്യനായ ഗ്വാർഡിയോളക്ക് മെസിയെ കൂടി ഉൾപ്പെടുത്തി ടീമിനെ വാർത്തെടുക്കാൻ വലിയ പ്രയാസമുണ്ടായിരിക്കില്ല. ഇന്നത്തെ സാമ്പത്തിക നിലയിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്ക് അദ്ദേഹത്തിന് വലിയ ശമ്പളം നൽകാനും കഴിയും.
മാഞ്ചസ്റ്റർ യുണൈറ്റഡ്
യുണൈറ്റഡിന് ഇനി അറ്റാക്കിംഗ് മിഡ്ഫീൽഡർമാരെയോ വിംഗർമാരെയോ ആവശ്യമില്ല. എറിക് ടെൻ ഹാഗ് ഇതിനകം തന്നെ ഈ സ്ഥാനത്തേക്ക്താരങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ആരൊക്കെ വന്നാലും ബ്രൂണോ ഫെർണാണ്ടസ് ഒരിക്കലും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ മുന്നേറ്റ നിരയിൽ മാർക്കസ് റാഷ്ഫോർഡ് ഉണ്ടായിട്ടും ഈ സീസണിൽ കൂടുതൽ ഗോൾ നേടാൻ യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു.
മെസി ഒരു കാലത്തും ഗോൾ സ്‌കോറർ മാത്രമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ 800-ലധികം കരിയർ ഗോളുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലതും ചെയ്യാൻ കഴിയുമെന്നാണ്. അർജന്റീനിയൻ താരത്തിന് ഗ്രൗണ്ടിൽ സ്വതന്ത്രനായി ചുറ്റിക്കറങ്ങാനും അവസരങ്ങൾ സൃഷ്ടിക്കാനും യുണൈറ്റഡിൽ വേണ്ടത്ര പ്രതിരോധ കാവൽ മധ്യനിരയിൽ കാസെമിറോയുടെ രൂപത്തിലുമുണ്ട്.
ഗ്ലേസർ കുടുംബം മുമ്പ് കരുതിയതുപോലെ വേഗത്തിൽ ക്ലബ്ബ് വിൽക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും വേനൽക്കാലത്ത് നിക്ഷേപത്തിന് പണമുണ്ടാകുമെന്നതിൽ സംശയമില്ല. മറ്റ് സ്ഥാനങ്ങളിലേക്ക് താരങ്ങളെ എത്തിക്കുന്നതിനു മുമ്പ് അവരുടെ മുഖ്യ ലക്ഷ്യം തുടർച്ചയായി ഗോളുകൾ നേടുന്ന താരത്തിലേക്ക് തന്നെയാണ്.
ചെൽസി
ഈ സീസണിൽ മോശം ഫോമിൽ വലയുന്ന ചെൽസിക്ക് അടുത്ത സീസണിനു മുന്നോടിയായി പുതിയ ടീം സൃഷ്ടിക്കേണ്ടതുണ്ട്. മേസൺ മൗണ്ട്, കോനർ ഗല്ലഗെർ, ക്രിസ്റ്റ്യൻ പുലിസിച്ച്, ഹക്കിം സിയെച്ച്, എൻഗോളോ കാന്റെ, പിയറി-എമെറിക് ഔബമെയാങ് എന്നിവരെല്ലാം അടുത്ത വർഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കളിക്കാൻ സാധ്യതയില്ല. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ വന്നിട്ടുളള ജാവോ ഫെലിക്സും തുടരാൻ സാധ്യതയില്ല. ചെൽസിയിൽ നല്ലൊരു ക്രിയേറ്റീവ് കളിക്കാരന് ഇടമുണ്ട്.
അർജന്റീനയിൽ മെസിയുടെ സഹതാരമായ എൻസോ ഫെർണാണ്ടസ് ചെൽസിയിലുണ്ട്. മെസ്സിയുടെ മുൻ പി.എസ്.ജി പരിശീലകനും അർജന്റീനിയക്കാരനുമായ മൗറീഷ്യോ പോച്ചെറ്റിനോയെ അടുത്ത സീസണിൽ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതും താരം ചെൽസിയിലേക്ക് അടുക്കാനുളള സാധ്യത വർദ്ധിപ്പിക്കുന്നു.
ന്യൂകാസിൽ യുണൈറ്റഡ്
സൗദി അറേബ്യൻ നേതൃത്വത്തിലുള്ള ഗ്രൂപ്പിൽ നിന്ന് വൻതോതിൽ നിക്ഷേപം നേടിയ ശേഷം, ന്യൂകാസിൽ പ്രീമിയർ ലീഗിൽ തങ്ങളുടെ ടീമിനെ പടി പടിയായി കെട്ടിപ്പടുക്കുകയായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീം ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാൻ സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ താരത്തിനു വേണ്ടി പണം മുടക്കാൻ ക്ലബ്ബിനു വലിയ പ്രയാസമുണ്ടായിരിക്കില്ല.
അൽഹിലാലിന്റെ ഓഫർ
മെസിയെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ തയ്യാറാണെന്ന് സൗദി പ്രോ ലീഗ് ടീം അൽ-ഹിലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ സീസണിൽ 400 മില്യൻ യൂറോയാണ് ഹിലാലിന്റെ ഓഫർ. രാജ്യത്തിന്റെ ഭാവിയിലേക്കുളള ഫുട്‌ബോൾ പദ്ധതികളുടെ ഭാഗമായാണ് റൊണാൾഡോക്ക് പുറമെ മെസ്സിയെയും എത്തിക്കാൻ സൗദി ഒരുങ്ങുന്നത്. മെസിയുടെ മാനേജറും പിതാവുമായ ജോർജ് മെസി മുമ്പ് സൗദിയിലെത്തിയിരുന്നു. ക്ലബ് കൂടുമാറ്റത്തിന്റെ ഭാഗമായാണ് ജോർജിന്റെ സൗദിയാത്രയെന്നാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തിരുന്നത്.
റിയാദിൽ കായികരംഗത്തെ പ്രമുഖരുമായി ജോർജ് മെസി കൂടിക്കാഴ്ച നടത്തുന്ന വാർത്ത സൗദി സ്പോർട്സ് റിപ്പോർട്ടറായ അഹ്‌മദ് ഇജ്ലാനാണ് പുറത്തുവിട്ടത്. മഹ്ദ് സ്പോർട്സ് അക്കാദമി തലവനും സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ആൽഫൈസൽ രാജകുമാരന്റെ അടുത്തയാളുമായ പ്രൊഫസർ അബ്ദുല്ല ഹമ്മാദുമായാണ് ജോർജ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കായി ജോർജ് എത്തുന്നതിന്റെ ദൃശ്യങ്ങളും അഹ്‌മദ് ഇജ്ലാൻ പുറത്തുവിട്ടിരുന്നു. സൗദി ടൂറിസം ബ്രാൻഡ് അംബാസഡറാണ് മെസി. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് മെസിയുടെ പിതാവ് എത്തിയതെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ, മറ്റൊരു സൗദി ക്ലബായ അൽഇത്തിഹാദ് മെസിക്കായി ചരടുവലി നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. അൽഹിലാലും ക്രിസ്റ്റിയാനോയുടെ അൽനസ്‌റുമാണ് വർഷങ്ങളായി സൗദി ലീഗ് ഭരിക്കുന്നത്. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്.
Lionel Messi's Saudi Arabian sponsored tourism Instagram post.