ലിയോ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്?
|കവിളിൽ നുണക്കുഴിയുള്ള, മുയൽക്കുഞ്ഞിന്റെ മുഖമുള്ള കുഞ്ഞു പയ്യനിൽനിന്ന് ഒരു കിരീടം കിട്ടിയാലേ പൂർണനാകൂ എന്ന അതികായനിലേക്കുള്ള മെസ്സിയുടെ മാറ്റം ഫുട്‌ബോളിന്റെ കൂടി ചരിത്രമാണ്
ഗെൽസെൻകിഷെനിലെ വെൽറ്റിൻസ് അറീനയിൽ കളിക്ക് 74 മിനിറ്റ് പ്രായം. സെർബിയ-മോണ്ടെനഗ്രോയ്‌ക്കെതിരെ രണ്ടു ഗോളടിച്ച് മിന്നുംഫോമിൽ നിൽക്കുന്ന വിങ്ങർ മാക്‌സി റോഡ്രിഗസിനെ കോച്ച് യോസെ പെക്കർമാൻ തിരിച്ചുവിളിക്കുന്നു. ടച്ച് ലൈനിനപ്പുറം ചുമലിലേക്ക് മുടി വിടർത്തിയിട്ട മുയൽക്കുഞ്ഞിന്റെ മുഖഭാവമുള്ള ഒരു പതിനെട്ടുകാരൻ. കുട്ടിത്തമുള്ള കണ്ണുകൾ. കവിളിൽ നുണക്കുഴി.
ഇറ്റാലിയൻ റഫറി റോബർട്ടോ റോസെറ്റിയുടെ വിസിലിന് പിന്നാലെ മാക്‌സി കളംവിട്ടു. പതിനെട്ടു വർഷവും 357 ദിവസവും പ്രായമുള്ള പയ്യന്‍ മൈതാനത്തേക്ക്- ലയണൽ ആൻഡ്രെസ് മെസ്സി. ഗ്യാലറിയിൽ അർജന്റീനയുടെ കാൽപ്പന്തു ദൈവം ഡീഗോ മറഡോണ ആകാശത്തേക്കു കൈകളുയർത്തി അലറിവിളിച്ചു. രാജ്യഭാരം മകന് കൈമാറുന്ന രാജാവിന്റെ മുഖഭാവമായിരുന്നു അപ്പോള്‍ ഡീഗോയ്ക്ക്. ആർപ്പുവിളിക്കു പിന്നാലെ, കാതിൽ കടുക്കനും ചുമലിൽ മുത്തുമാലയും വിടർത്തി അലസമായിട്ട മുടിയുമായി അയാൾ മന്ദഹസിച്ചു.
പാകമാകാതെ തോന്നിയ 19-ാം നമ്പർ കുപ്പായത്തിലായിരുന്നു അന്ന് മെസ്സി. കളത്തിലെത്തി നാലു മിനിറ്റിനകം ഹെർനാൻ ക്രസ്‌പോയ്ക്ക് ഒരു തളികയിലെന്ന പോലെ പന്തെത്തിച്ച് മെസ്സി വരവറിയിച്ചു. അർജന്റീനയുടെ നാലാം ഗോൾ. സെർബിയൻ ബോക്‌സിന്റെ തൊട്ടു മുമ്പിൽ നിന്ന് ക്രസ്‌പോയും ടെവസും മെനഞ്ഞെടുത്ത ഒരു ആക്രമണത്തിന് ഫൈനൽ ടച്ച് നൽകി, 88-ാം മിനിറ്റിൽ മെസ്സി ലോകകപ്പിലെ ആദ്യ ഗോള്‍ നേടി. ബോക്‌സിന്റെ ഇടതുമൂലയിൽ നിന്ന് ടീനേജർ പ്ലേസ് ചെയ്ത പന്തിനെ നോക്കി നിൽക്കാനേ സെർബിയൻ കീപ്പർ ഡ്രഗാസ്ലോവ് യെവറികിനായുള്ളൂ.
മനോഹരമായ പാദചലനങ്ങൾ കൊണ്ട്, ഒരു നർത്തകനെ പോലെ യുവാൻ റോമൻ റിക്വൽമി അർജന്റൈൻ മധ്യനിര അടക്കി ഭരിച്ച കാലമാണത്. കാർലോസ് ടെവസ്, ഹെർനാൻ ക്രസ്‌പോ, ജാവിയർ മഷറാനോ, റോബർട്ടോ അയാള തുടങ്ങി ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും പക്ഷേ, അർജന്റീന 2006ൽ ജർമനിക്കു മുമ്പിൽ ക്വാർട്ടർ ഫൈനലിൽ വീണു, പെനാൽറ്റി ഷൂട്ടൗട്ടിൽ.
2010 ലോകകപ്പ്- ദക്ഷിണാഫ്രിക്ക
വർഷം നാലു കഴിയുമ്പോഴേക്ക് അയാൾ ഒരു സെൻസേഷൻ ആയി മാറിക്കഴിഞ്ഞിരുന്നു. ആളും ആരവവും കൂടെയുള്ള ഒരു മായാലാജക്കാരൻ. പന്ത് എല്ലായ്പ്പോഴും അയാളുടെ കാലിൽ ചുംബിച്ചുനിന്നു. കളിയാകെ അയാളെ ചുറ്റിപ്പറ്റിയായി.
ദക്ഷിണാഫ്രിക്കയിൽ നടന്ന ആ ലോകകപ്പിൽ മറഡോണ ഒരുക്കിയ തന്ത്രങ്ങളിലാണ് അർജന്റീന ലോകകപ്പിലെത്തിയത്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമിന്റെ യാത്ര ഒരിക്കലും സുഖമുള്ളതായിരുന്നില്ല. 18 യോഗ്യതാ മത്സരങ്ങളിൽനിന്ന് മെസ്സിക്ക് നേടാനായത് നാലു ഗോളുകൾ മാത്രം. ആ മത്സരങ്ങളിൽ ഡീപ് മിഡ്ഫീൽഡിലേക്ക് ഇറങ്ങിക്കളിച്ച മെസ്സിക്ക് അയാളുടെ സ്വാഭാവികത നഷ്ടപ്പെട്ടു.
എന്നാൽ ലോകകപ്പിൽ ഇഷ്ടപ്പെട്ട പൊസിഷനിലേക്ക് മാറിയ മെസ്സിയുടെ ചിറകിലേറി അർജന്റീന ഗ്രൂപ്പ് ഘട്ടം വിജയകരമായി പിന്നിട്ടു. എന്നാൽ ചരിത്രം അത്തവണയും ആവർത്തിച്ചു. ക്വാർട്ടറിൽ ജർമനി, തോൽവി. ഏകപക്ഷീയമായ നാലു ഗോളിനായിരുന്നു ലാറ്റിനമേരിക്കൻ ശക്തികളുടെ കീഴടങ്ങൽ.
2014 ലോകകപ്പ് - ബ്രസീൽ
കാൽപ്പന്തിന്റെ കളിത്തട്ടായ ബ്രസീലിൽ അടുത്ത ലോകകപ്പെത്തുമ്പോൾ കിരീടം കൊണ്ടേ മെസ്സി പൂർണനാകൂ എന്ന ധാരണ ഉറച്ചു കഴിഞ്ഞിരുന്നു. 1986ൽ കിരീടധാരണം കൊണ്ടാണ് മറഡോണ പൂർണനായത് എന്ന് ആരാധകരും വിമർശകരും ഒരുപോലെ പറഞ്ഞു.
ബ്രസീലിൽ ക്യാപ്റ്റന്റെ ആംബാൻഡ് ഭാരം കൂടിയുണ്ടായിരുന്നു ലിയോയ്‌ക്കൊപ്പം. തകർത്തു കളിച്ച അർജന്റീന കലാശക്കളിയിലെത്തി. ഫൈനലിൽ വീണ്ടും എതിരാളി ജർമനി. മാറക്കാനയിലെ ആ പെരുംപോരാട്ടത്തിൽ നിശ്ചിത സമയത്ത് ആരും ഗോളടിച്ചില്ല. എന്നാൽ 113-ാം മിനിറ്റിൽ അർജന്റീനയുടെയും ആരാധകരുടെയും ഹൃദയം തകർത്ത മരിയോ ഗാട്‌സെയുടെ ഗോൾ. ചുണ്ടിനും കപ്പിനുമിടയിൽ കിരീടനഷ്ടം. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആരവങ്ങള്‍ക്കിടയില്‍ നിൽക്കുന്ന ലിയോ ഫുട്‌ബോളിന്റെ നൊമ്പരക്കാഴ്ചയായി.
ഒരു ഗോൾ അകലെ വീണുടഞ്ഞ ലോകകിരീടം മാത്രമല്ല, 2015, 2016 വർഷം തുടർച്ചയായി കോപ്പ ഫൈനലിൽ ചിലെയോടേറ്റ തോൽവികൾ അയാളെ തളർത്തി. 2016ൽ ആരാധകരെ ഞെട്ടിച്ച് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 'ലിയോ, പോകല്ലേ' എന്ന ബാനറുകൾ ലോകത്തുടനീളമുയർന്നു.
റഷ്യൻ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ടീം മുടന്തുന്നത് കണ്ട്, മെസ്സിയിലെ കളിക്കാരന് വെറുതെയിരിക്കാനായില്ല. അയാൾ കളത്തിലേക്ക് തിരിച്ചെത്തി. ഫുട്‌ബോൾ അയാളെ വീണ്ടും വരിച്ചു എന്നതാകും കൂടുതൽ ശരി.
2018 ലോകകപ്പ് - റഷ്യ
അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവന്ന ശേഷമുള്ള ആദ്യ ലോകകപ്പിൽ, മെസ്സിയുടെ 180 മിനിട്ട് അക്ഷരാർത്ഥത്തിൽ ദുരന്തമായിരുന്നു. ഐസ്‌ലാൻഡിനെതിരെ അയാൾ ഒരു പെനാൽറ്റി പാഴാക്കി. ടീമിന് സമനില വഴങ്ങേണ്ടി (1-1) വന്നു. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റു. അവസാന പതിനാറിൽ ഫ്രാൻസിനോടേറ്റ തോൽവിയോടെ അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തായി.
ഇത്തവണ തോൽവിയറിയാതെ
അവസാനം കളിച്ച 36 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇത്തവണ അർജന്റീനയുടെ വരവ്. 27 ജയവും ഒമ്പത് സമനിലയും. മാറ്റു കൂട്ടാൻ ബ്രസീലിനെ തോൽപ്പിച്ചു നേടിയ കോപ്പ അമേരിക്ക ചാമ്പ്യൻ പട്ടവും.
ഈ ലോകകപ്പിലെ ഏറ്റവും സന്തുലിതമായ സംഘങ്ങളിലൊന്നാണ് അർജന്റീന. ആ രാജ്യം അടുത്ത കാലത്ത് ഇറക്കിയ ഏറ്റവും മികച്ച പോരാളികൾ. യുവത്വത്തിന്റെ പ്രസരിപ്പും അനുഭവ സമ്പത്തിന്റ ഊർജ്ജവും ഒത്തുചേർന്ന സംഘം.
മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ലൗത്താറോ മാർട്ടിനസ്. വിങ്ങുകളിൽ അലക്‌സിസ് മാക് അലിസ്റ്റർ. കൂടെ കളിയേറെക്കണ്ട എയ്ഞ്ചൽ ഡി മരിയ. ലിയനാർഡോ പെരഡസ്, റോഡ്രിഗോ ഡീ പോൾ എന്നിവർ സെൻട്രൽ-ഡിഫൻസീവ് മിഡ്ഫീൽഡിലുണ്ടാകും. പ്രതിരോധവും ശക്തം. ഓട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റിയൻ റൊമേറോ, മൊളീനോ, ടഗ്ലിയാഫിക്കോ, അകുന തുടങ്ങിയവർ. ഗോൾകീപ്പറായി കോപ്പയിൽ മിന്നും പ്രകടനം നടത്തിയ എമിലിയാനോ മാർട്ടിനെസ്. അതിനെല്ലാം പുറമേ, ലയണൽ സ്‌കലോണി എന്ന തന്ത്രശാലി.